
കോഴിക്കോട്: കോഴിക്കോട് പക്ഷിപനി സ്ഥിരീകരിച്ച ഫാമുകള്‍ക്ക് ഒരുകിലോമീറ്റര്‍ പരിധിയില്‍ കോഴികളടക്കമുള്ള വളർത്തുപക്ഷികളെ ഇന്ന് മുതൽ കൊന്നു തുടങ്ങും. പ്രത്യേക പരിശീലനം നല്‍കിയ വിവിധ വകുപ്പുകളിലെ ഇരുനൂറിലധികം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനം. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ ആരോഗ്യവകുപ്പും നിരീക്ഷണം ശക്തമാക്കി.
കൊടിയത്തൂര്‍, ചാത്തമംഗലം പഞ്ചായത്തുകള്‍ കോഴിക്കോട് കോര്‍പറേഷനിലെ വേങ്ങേരി എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. കണ്ടെത്തിയ ഫാമിനും വീടിനും ഒരു കിലോമീറ്റര്‍ ചുറ്റളവിലുളള മുഴുവന്‍ വളര്‍ത്തു പക്ഷികളെയും ഇന്ന് കൊന്ന് തുടങ്ങും. 12,000 ത്തിലധികം പക്ഷികളെ കൊല്ലേണ്ടിവരുമെന്നാണ് മൃഗസംരക്ഷണവകുപ്പിന്‍റെ കണക്ക്. ഇതിനായി അഞ്ച് പേരെടങ്ങുന്ന 35 സംഘങ്ങള്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു.
രോഗം മനുഷ്യരിലേക്ക് പടര്‍ന്നിട്ടില്ലാത്തതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം. എങ്കിലും പക്ഷി പനി സ്ഥിരീകരിച്ച പ്രദേശങ്ങള്‍ക്ക് പത്തുകിലോമീറ്റര്‍ ചുള്ളവില്‍ ആരോഗ്യവകുപ്പു നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇന്നു മുതല്‍ പ്രതിരോധമരുന്നുകള്‍ നല‍്കും. പ്രദേശത്തിന് പത്തുകിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴിയിറച്ചി വില്‍പന ജില്ലാ കളക്ടര്‍ താല്‍ക്കാലികമായി നിരോധിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam