പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ എന്തുകൊണ്ട് പങ്കെടുക്കില്ലെന്ന് വിശദീകരിച്ച് മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ തവണ പ്രധാനമന്ത്രിയുടെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുണ്ടായ ദുരനുഭവം എം ബി രാജേഷ് പങ്കുവച്ചു. ഇന്നത്തെ പരിപാടിയുടെ അറിയിപ്പ് കിട്ടിയത് ഇന്നലെയാണെന്നും മണ്ഡലത്തിൽ വേറെ പരിപാടികൾ ഉണ്ടെന്നും മന്ത്രി.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും. പരിപാടിയിലേക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം ബി രാജേഷും കെ കൃഷ്ണൻകുട്ടിയും ചടങ്ങിനെത്തില്ല. പരിപാടിയുടെ അറിയിപ്പ് കിട്ടിയത് ഇന്നലെയാണെന്നും മണ്ഡലത്തിൽ വേറെ പരിപാടികൾ ഉണ്ടെന്നും മന്ത്രി രാജേഷ് അറിയിച്ചു. കഴിഞ്ഞ തവണ പ്രധാനമന്ത്രിയുടെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുണ്ടായ ദുരനുഭവം എം ബി രാജേഷ് പങ്കുവച്ചു. ചടങ്ങിൽ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് മന്ത്രി കൃഷ്ണൻകുട്ടിയും പ്രതികരിച്ചു.

ഈ പരിപാടിയിൽ പേരുണ്ടെന്ന് തന്നെ ഇന്നലെയാണ് അറിയിച്ചതെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. തനിക്ക് മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ട്. കഴിഞ്ഞ തവണ തിരുവനനന്തപുരത്ത് പ്രധാനമന്ത്രിയുടെ പരിപാടിക്ക് സംസ്ഥാന സർക്കാർ നിയോഗിച്ചത് അനുസരിച്ച് പോയപ്പോൾ എസ്പിജി ഉദ്യോഗസ്ഥർ ആധാർ കാർഡ് ചോദിക്കുന്ന സ്ഥിതിയുണ്ടായി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുവദിച്ച പാസ് ഉണ്ടായിട്ടാണ് ഈ ദുരനുഭവം. ആധാർ കാർഡ് കാണിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും തിരിച്ചുപോവുകയാണെന്നും അന്ന് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പാസ് അല്ലാതെ ഒരു രേഖയും കാണിക്കാൻ സൌകര്യപ്പെടില്ലെന്ന് അന്ന് പറഞ്ഞതാണ്. അന്ന് തിരിഞ്ഞു നടന്ന തന്നെ പ്രോട്ടോകോൾ ഓഫീസർ ഇടപെട്ടാണ് തിരിച്ചുകൊണ്ടുവന്നതെന്നും എം ബി രാജേഷ് പറഞ്ഞു. ഇന്നത്തെ പരിപാടി അറിയിച്ചതാകട്ടെ ഇന്നലെയും. അത്തരം പരിപാടികൾക്ക് പോയി സമയം കളയാനില്ലെന്ന് എം ബി രാജേഷ് പ്രതികരിച്ചു.

കേരളത്തെ അപമാനിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പ്രതിഷേധം എങ്ങനെ അറിയിക്കണമെന്ന് കൂട്ടായി ആലോചിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കാത്തതിനെക്കുറിച്ച് തനിക്ക് അറിയില്ല. ബഹിഷ്കരണം ചർച്ച ചെയ്തിട്ടില്ല. ദേശീയപാത കേരളത്തിന്റെ നേട്ടമല്ല എന്ന് സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ എന്തടിസ്ഥാനത്തിലാണ് വേദിയിലിരിക്കുകയെന്നും മന്ത്രി ചോദിച്ചു. നിതിൻ ഗഡ്കരി പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നു.അദ്ദേഹം എന്തുകൊണ്ട് പങ്കെടുക്കുന്നില്ല എന്ന് അറിയില്ല. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഗഡ്കരി പലതവണ കേരളത്തെ പ്രകീർത്തിച്ചിരുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

YouTube video player