പക്ഷിപ്പനി: 10 ദിവസം കര്‍ശന നിരീക്ഷണം, ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍, അപര്യാപ്തമെന്ന് കര്‍ഷകര്‍

By Web TeamFirst Published Jan 6, 2021, 11:43 AM IST
Highlights

രണ്ട് മാസത്തിൽ താഴെ പ്രായമുള്ള നശിപ്പിക്കുന്ന പക്ഷിക്ക് 100 രൂപ, രണ്ട് മാസത്തിന് മുകളിൽ പ്രായമുള്ളതിന് 200 രൂപ. എന്നാലിത് അപര്യാപ്തമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. 

തിരുവനന്തപുരം: പക്ഷിപ്പനി സാഹചര്യം മുൻ നിര്‍ത്തി ജാഗ്രതയോടെ നീങ്ങാൻ സര്‍ക്കാര്‍ തീരുമാനം. പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പത്ത് ദിവസം കൂടി കര്‍ശന നിരീക്ഷണം തുടരും. ഇവിടങ്ങളിൽ നിന്ന് വീണ്ടും സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. 

പക്ഷിപ്പനി പശ്ചാത്തലത്തിൽ കര്‍ഷകര്‍ക്ക് നൽകേണ്ട ധനസഹായ തുകയെ കുറിച്ചും മന്ത്രിസഭാ യോഗം വിശദമായി ചര്‍ച്ച ചെയ്തു. രണ്ട് മാസത്തിൽ താഴെ പ്രായമുള്ള നശിപ്പിക്കുന്ന പക്ഷിക്ക് 100 രൂപയും  രണ്ട് മാസത്തിന് മുകളിൽ പ്രായമുള്ളതിന് 200 രൂപയും ധന സഹായം അനുവദിക്കാനാണ് തീരുമാനം. നശിപ്പിക്കുന്ന ഒരു മുട്ടയ്ക്ക് 5 രൂപ വീതം നൽകും. 

കോട്ടയം ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ വൈകീട്ട് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗം ചേരും. മന്ത്രി കെ രാജു ആലപ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്. എന്നാൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിൽ വലിയ അതൃപ്തിയാണ് കര്‍ഷകര്‍ക്ക് ഉള്ളത്. 2016 ലെ അതേ പാക്കേജാണ് ഇപ്പോഴും നടപ്പാക്കുന്നതെന്നും അത് തീരെ കുറവാണെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. 

click me!