പക്ഷിപ്പനി: ചത്തകോഴികള്‍ തൂവലോടെ ഫ്രീസറില്‍; പിടികൂടി മൃഗസംരക്ഷണ വകുപ്പ്

By Web TeamFirst Published Mar 12, 2020, 5:18 PM IST
Highlights

പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ഒളിപ്പിച്ച് വച്ച വളര്‍ത്തുപക്ഷികളെ കണ്ടെത്താനായിരുന്നു ഇന്നത്തെ പരിശോധന. ചിലയിടങ്ങളില്‍ എതിര്‍പ്പിനെ തുടര്‍ന്ന് പൊലീസിന്‍റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.
 

കോഴിക്കോട്: കോഴിക്കോട് തടമ്പാട്ട് താഴത്ത് നിന്ന് ചത്തകോഴികളെ തൂവലോടെ ഫ്രീസറില്‍ സൂക്ഷിച്ചത് പിടികൂടി. പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ഒളിപ്പിച്ച് വച്ച വളര്‍ത്തുപക്ഷികളെ കണ്ടെത്താനായിരുന്നു ഇന്നത്തെ പരിശോധന. ചിലയിടങ്ങളില്‍ എതിര്‍പ്പിനെ തുടര്‍ന്ന് പൊലീസിന്‍റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.

പക്ഷിപ്പനി ബാധിത പ്രദേശമായ കോഴിക്കോട് വേങ്ങേരിക്ക് സമീപം തടമ്പാട്ട്താഴത്തെ ഒരു ചിക്കന്‍ ഷോപ്പില്‍ നിന്നാണ് തൂവലുകളോടെ ഫ്രീസറില്‍ സൂക്ഷിച്ച ചത്ത കോഴികളെ പിടികൂടിയത്. ഫ്രീസറിന് പുറത്ത് ദുര്‍ഗന്ധം വമിക്കുന്ന നിലയിലും ചത്ത കോഴികളുണ്ടായിരുന്നു. മുന്നൂറിലധികം കോഴികളെയാണ് പൂട്ടിയിട്ടിരിക്കുന്ന ചിക്കന്‍ഷോപ്പില്‍ നിന്ന് കണ്ടെടുത്തത്. മൃഗസംരക്ഷണ വകുപ്പിന്‍റെ റാപിഡ് റെസ്പോണ്‍സ് ടീമാണ് പരിശോധന നടത്തിയത്.

കോഴിക്കോട് കോര്‍പ്പറേഷന്‍റെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കടയുടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വേങ്ങേരിയിലെ ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ കോമ്പിംഗ് ഓപ്പറേഷനിലായിരുന്നു മൃഗസംരക്ഷണ വകുപ്പ്. ഒളിപ്പിച്ച് വച്ച വളര്‍ത്തുപക്ഷികളെ കണ്ടെത്താനായിരുന്നു ഇത്.

ഒരു കിലോമീറ്റര്‍ ദൂരപരിധിക്ക് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളിലെ കോഴികളേയും ഇന്ന് പിടിച്ചെടുത്ത് നശിപ്പിച്ചു. കളത്തില്‍താഴത്ത് ചില വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഇത് മറികടന്നാണ് കോഴികളെ പിടിച്ചെടുത്ത് നശിപ്പിച്ചത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!