
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി പക്ഷിക്കടത്ത്. തായ്ലന്റിൽ നിന്ന് എത്തിയ കുടുംബമാണ് പക്ഷികളുമായി എത്തിയത്. വംശനാശ ഭീഷണി നേരിടുന്ന 11 പക്ഷികളെയാണ് കസ്റ്റംസ് കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ മർവാനും ഭാര്യയും 14 വയസുള്ള മകനുമാണ് കോലാലംപൂർ വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് എത്തിയത്. ഇന്ന് പുലർച്ചെയോട് കൂടി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സിറ്റ് പോയിന്റിൽ വെച്ച് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഇവരുടെ ചെക്ക് ഇൻ ബാഗേജിൽ നിന്നാണ് 11 പക്ഷികളെ കണ്ടെത്തിയത്. ജീവനുള്ള പക്ഷികളായിരുന്നു. ഇവ വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിൽ ഉൾപ്പെടുന്നവയാണ്. ഇവയെ കൊണ്ടുവരുന്നത് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ഏതെങ്കിലും മൃഗശാല വഴിയേ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ഇതെല്ലാം ലംഘിച്ചാണ് പക്ഷികളെ കൊണ്ടുവന്നത്. പിടിച്ചെടുത്ത പക്ഷികളെയും കുടുംബത്തെയും വനംവകുപ്പിന് കൈമാറിയിരിക്കുകയാണ്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കച്ചവട ലക്ഷ്യങ്ങളുമായിട്ടാണോ ഇവയെ കൊണ്ടുവന്നതെന്നും പരിശോധിക്കുന്നുണ്ട്. പക്ഷികളെ തിരികെ തായ്‍ലന്റിലേക്ക് തന്നെ അയക്കും.