Bishop franco case : ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയത് മധുരം വിതരണം ചെയ്ത് ആഘോഷിച്ച് അനുകൂലികൾ

By Web TeamFirst Published Jan 14, 2022, 12:21 PM IST
Highlights

നാളിത് വരെ ഫ്രാങ്കോയുടെ നിരപരാധിത്വത്തിൽ വിശ്വസിച്ചവർക്കും വേണ്ട നിയമസഹായം ചെയ്തു കൊടുത്തവർക്കും നന്ദി അറിയിക്കുന്നതായിരുന്നു ജലന്ധർ രൂപതയുടെ പ്രതികരണം.

കോട്ടയം: ഫ്രാങ്കോ മുളയ്ക്കൽ (Franco Mulakkal) കുറ്റവിമുക്തനാക്കപ്പെട്ടതിൽ സന്തോഷം രേഖപ്പെടുത്തുകയാണ് അനുകൂലികൾ. കുറ്റവിമുക്തനാകുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നാണ് ബിഷപ്പിന്റെ ബന്ധുക്കളുടെ പ്രതികരണം. ബിഷപ്പ് അനുകൂലികൾ കോടതിക്ക് പുറത്ത് മധുരം വിതരണം ചെയ്തു. ഞങ്ങളുടെ പിതാവിന് നീതി ലഭിച്ചുവെന്നായിരുന്നു ഇവരുടെ പ്രതികരണം. 

 

വിധി അനുകൂലമാകുമെന്ന് ഉറപ്പായിരുന്നുവെന്നും ഇത് കള്ളക്കേസായിരുന്നുവെന്നുമാണ് ഫ്രാങ്കോ അനുകൂലികളുടെ പ്രതികരണം. ഇതുണ്ടാക്കിയെടുത്ത കേസെന്നായിരുന്നു അഭിഭാഷകന്റെയും പ്രതികരണം. വിധി വന്ന ഉടൻ തന്നെ ജലന്ധർ രൂപതയുടെ പ്രത്യേക പത്രക്കുറിപ്പും പുറത്ത് വന്നു. 

നാളിത് വരെ ഫ്രാങ്കോയുടെ നിരപരാധിത്വത്തിൽ വിശ്വസിച്ചവർക്കും വേണ്ട നിയമസഹായം ചെയ്തു കൊടുത്തവർക്കും നന്ദി അറിയിക്കുന്നതായിരുന്നു ജലന്ധർ രൂപതയുടെ പ്രതികരണം. അച്ചടിച്ച് തയ്യാറാക്കിയ കുറിപ്പായിരുന്നു ഇത്. വിധി അനുകൂലമായിരിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ജലന്ധർ രൂപത. 

കോടതിക്ക് സത്യം ബോധ്യപ്പെട്ടുവെന്നും വിധി പകർപ്പ് വന്ന ശേഷം കൂടുതൽ പ്രതികരിക്കുമെന്നുമാണ് രൂപത അറിയിക്കുന്നത്. 

ജയിക്കുമെന്ന് തന്നെയായിരുന്നു പ്രതീക്ഷയെന്ന് തൃശ്ശൂർ മറ്റത്ത് നിന്നെത്തിയ ബിഷപ്പിന്റെ ബന്ധുക്കളും അവകാശപ്പെട്ടു. കള്ളക്കേസായിരുന്നുവെന്ന വാദമാണ് ഇവരുടേതും. കേസ് വന്നതിന് ശേഷം ബിഷപ്പിനെ കണ്ടപ്പോഴൊക്കെ ബിഷപ്പ് തന്റെ നിരപരാധിത്വം ആവർത്തിച്ചിരുന്നുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്. 

click me!