കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ കോഴിക്കോട്ടെ ഗോകുലം ഗലേറിയ മാളിൽ സംസ്ഥാനത്തെ രണ്ടാമത്തെ സൂപ്പർ പ്രീമിയം ഔട്ട്ലറ്റ് തുറക്കുന്നു. പൂർണ്ണമായും ശീതികരിച്ച ഈ ഔട്ട്ലറ്റ് ഒരു മാളിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ആദ്യത്തേതാണ്.
കോഴിക്കോട്: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ സംസ്ഥാനത്തെ രണ്ടാമത്തെ സൂപ്പർ പ്രീമിയം ഔട്ട്ലറ്റ് കോഴിക്കോട് തുറക്കുന്നു. കോഴിക്കോട് ഗോകുലം ഗലേറിയ മാളിന്‍റെ രണ്ടാം നിലയിൽ നാളെ ഉച്ചയ്ക്ക് രണ്ടിനാണ് ഉദ്ഘാടനം. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്‍റെ മാനേജിംഗ് ഡയറക്ടർ ഹർഷിത അത്തലൂരിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഔട്ട്ലറ്റ് 1950 സ്ക്വയർഫീറ്റ് വിസ്തീർണ്ണവും പൂർണ്ണമായി ശീതികരിച്ചതും മാളിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ മദ്യവിതരണ ഔട്ട്ലറ്റ്ലെറ്റുമാണ്.
ക്യൂ ഇല്ലാതെ മദ്യം വിൽക്കാൻ ഇപ്പോഴുള്ള പ്രീമിയം ഷോപ്പുകൾക്കു പുറമേയാണ് ബിവറേജസ് കോർപറേഷൻ സൂപ്പർ പ്രീമിയം ഷോപ്പുകളും തുടങ്ങിയിട്ടുള്ളത്. ആദ്യ സൂപ്പർ പ്രീമിയം ഔട്ട്ലറ്റ് തൃശൂരാണ് തുറന്നത്. സ്വന്തം ബ്രാൻഡ് ആകർഷകമായി പ്രദർശിപ്പിക്കാൻ മദ്യക്കമ്പനികൾക്കു സ്പോൺസർഷിപ്പിലൂടെ അവസരവുമൊരുക്കും. കൊച്ചിയിൽ രണ്ടും തൃശൂർ, കോഴിക്കോട്, കുമരകം എന്നിവിടങ്ങളിൽ ഒന്നും വീതം 5 സൂപ്പർ പ്രീമിയം ഷോപ്പുകൾ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. നിലവിൽ ബെവ്കോയുടെ 285 ഷോപ്പുകളിൽ 162 എണ്ണം പ്രീമിയം എന്ന പേരിൽ സെൽഫ് ഹെൽപ് ഷോപ്പുകളാണ്. 500 രൂപയ്ക്കു മുകളിലുള്ള മദ്യം മാത്രമാണ് ഈ ഔട്ട്‍ലെറ്റുകളിൽ വിൽക്കുന്നത്. സൂപ്പർ പ്രീമിയം ഷോപ്പിൽ 900 രൂപയ്ക്കു മുകളിലുള്ള മദ്യം മാത്രമാകും വിൽക്കുക.


