
ദില്ലി: ബലാത്സംഗ കേസിൽ വിചാരണയ്ക്ക് ഹാജരാകാതിരിക്കാൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കള്ളസത്യവാങ്മൂലം നൽകിയെന്ന് റിപ്പോർട്ട്. വിചാരണ കോടതിയിലാണ് ബിഷപ് തെറ്റായ സത്യവാങ്മൂലം നൽകിയത്. ജലന്തർ ബിഷപ് ഹൗസ് കൊവിഡ് തീവ്ര മേഖലയിലായതിനാൽ കേരളത്തിലേക്ക് വരാനാകില്ല എന്നായിരുന്നു ഫ്രാങ്കോ മുളയ്ക്കൽ നൽകിയ സത്യവാങ്മൂലം. ഇത് തെറ്റാണെന്ന് ജലന്തർ പൊലീസും ആരോഗ്യവകുപ്പും സ്ഥിരീകരിച്ചു.
താമസസ്ഥലം കണ്ടെയിന്‍മെന്‍റ് സോണായതിനാൽ കോടതിയിൽ ഹാജരാകാൻ അനുമതി ലഭിച്ചില്ലെന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയെ അറിയിച്ചത്. ഇക്കാരണം ചൂണ്ടിക്കാട്ടി ഫ്രാങ്കോ മുളയ്ക്കൽ കഴിഞ്ഞയാഴ്ച കോടതിയിൽ ഹാജരായില്ല. തുടർന്ന്, കേസ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഈ മാസം 13-ാം തീയതിയിലേക്ക് മാറ്റുകയായിരുന്നു.
അതിനിടെ, കന്യാസ്ത്രീയെ ബലാത്‌സംഗം ചെയ്ത കേസിൽ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ട് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തനിക്കെതിരെ തെളിവുകൾ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ബിഷപ്പിന്റെ വാദം. എന്നാൽ ഫ്രാങ്കോ മുളക്കലിനെതിരെ പ്രഥമദൃഷ്ട്യാ തെളിവ് ഉണ്ടെന്നും ഹർജി വിചാരണ വൈകിപ്പിക്കാനാണെന്നുമായിരുന്നു സർക്കാർവാദം. തുടർന്നാണ് കോടതി ഹർജി തള്ളി വിചാരണ നേരിടാൻ നിർദ്ദേശിച്ചത്.
സമാന ആവശ്യമുന്നയിച്ച് നൽകിയ ഹര്‍ജി മാർച്ച് 16 ന് കോട്ടയം അഡീഷനൽ ജില്ല സെഷൻസ് കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് പുനപരിശോധന ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സാക്ഷിമൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും കേസിൽ നടപടി തുടരാനുള്ള വസ്തുതകളില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. പ്രഥമദൃഷ്ട്യാ പീഡന കേസ് നിലനിൽക്കുന്നുണ്ടെന്നും നടപടികൾ വൈകിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നുമായിരുന്നു പ്രോസിക്യുഷൻ വാദം.
Read Also: 'ഉറവിടം അറിയാത്ത ഒന്‍പത് കേസുകള്‍'; എറണാകുളത്ത് സാമൂഹിക വ്യാപനമില്ലെന്ന് മന്ത്രി സുനില്‍കുമാര്‍...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam