ചാവറ അച്ചൻ കഴിഞ്ഞേ കേരളത്തിൽ നവോത്ഥാന നായകരുള്ളൂ: ബിഷപ്പ് ജോസഫ് പാംബ്ലാനി

By Web TeamFirst Published Mar 20, 2023, 5:25 PM IST
Highlights

കാൾ മാർക്സിന്റെ ആശയം ക്രൈസ്തവ സന്യാസ സമൂത്തിന്റെ ആശയത്തിൽ നിന്ന് എടുത്തതെന്നും തലശേരി ബിഷപ്പ്

തലശേരി: ചാവറ കുര്യാക്കോസ് ഏലിയാസ് കഴിഞ്ഞിട്ടേ കേരളത്തിൽ മറ്റൊരു നവോത്ഥാന നായകനുള്ളൂവെന്ന് തലശേരി ബിഷപ്പ് ജോസഫ് പാംബ്ലാനി. ക്രൈസ്തവ സന്യാസ സമൂഹത്തിന്റെ ആശയത്തിൽ നിന്നാണ് ചാവറ പിതാവ് വിദ്യാഭ്യാസ രീതി നടപ്പാക്കിയത്. യൂണിഫോം ഇട്ടതോടെ ഏത് ജാതിയിൽ പെട്ട കുഞ്ഞെന്ന് തിരിച്ചറിയാനുള്ള സാഹചര്യം സ്കൂളിൽ പടിയിറങ്ങി. കുട്ടികളെ ഉച്ചക്കഞ്ഞിക്ക് പന്തിഭോജനത്തിന് നിരത്തിയിരുത്തി. എല്ലാവരെയും ഉച്ചക്കഞ്ഞി ഒരേപോലെ കുടിപ്പിച്ചത് ചാവറ ഏലിയാസ് അച്ചനാണെന്നും ബിഷപ്പ് പറഞ്ഞു.

കാൾ മാർക്സിന്റെ മാർക്സിസ്റ്റ് ആശയം ക്രൈസ്തവ സന്യാസ സമൂഹത്തിൽ നിന്നും എടുത്തതെന്ന് തലശേരി ബിഷപ്പ് ജോസഫ് പാംബ്ലാനി. കണ്ണൂരിൽ കക്കുകളി നാടകത്തിനു എതിരായ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്വാനിക്കുന്നതിന്റെ പ്രതിഫലം എല്ലാവർക്കും വീതിച്ചു കൊടുക്കുക എന്ന ആശയമാണ് ക്രൈസ്തവ സന്യാസ സമൂഹത്തിന്റേത്. കക്കു കളി നാടകം കൊണ്ട് ക്രൈസ്തവ സന്യാസത്തിന്റെ അടിത്തറക്ക് ഒന്നും സംഭവിക്കില്ലെന്നും ബിഷപ്പ് വ്യക്തമാക്കി.  

പരിപാടിക്ക് ശേഷം മാധ്യമങ്ങളെ കണ്ട ബിഷപ്പ് ബിജെപി നേതാക്കളുടെ സന്ദർശനവുമായി ബന്ധപ്പെട്ട വിമർശനങ്ങളോട് രൂക്ഷമായി പ്രതികരിച്ചു. 24 മണിക്കൂറും തുറന്നിട്ടിരിക്കുന്നതാണ് ബിഷപ്പ് ഹൗസെന്നും ആര് വന്നാലും കാണുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കൾ മാത്രമല്ല, സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ കാണാൻ വന്നിട്ടുണ്ട്. ബിജെപി ന്യൂനപക്ഷ സെൽ പ്രവർത്തകർ ന്യൂനപക്ഷ സമ്മേളനത്തിന്റെ കാര്യം പറയാനാണ് വന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ നയം മാറ്റുന്നവരല്ല ഞങ്ങൾ. ബിജെപി മുതലെടുക്കാൻ ശ്രമിച്ചെങ്കിൽ അതിനു വഴി മരുന്നിട്ടത് മറ്റ് രാഷ്ട്രീയ കക്ഷികളാണ്. ദേശീയ തലത്തിൽ ക്രൈസ്തവരുടെ പ്രശനങ്ങൾ ഉണ്ടെങ്കിൽ അതും സംസാരിക്കും. കണ്ണൂരിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രി പങ്കെടുക്കുന്ന ചടങ്ങിനെ കുറിച്ച് സംസാരിക്കാൻ ആണ് ബി ജെ പി നേതാക്കൾ വന്നത്. ഈ വാർത്തകൾ കൊണ്ട് എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നതെന്നും തനിക്ക് വലിയ ഓഫർ ഉണ്ടന്നാണോ അല്ല താൻ ബിജെപി യിൽ ചേരാൻ പോകുന്നു എന്നാണോയെന്നും ബിഷപ്പ് ചോദിച്ചു. 

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് എതിരായ അക്രമങ്ങളെ സഭ ന്യായീകരിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബി ജെപി വെക്കുന്ന കല്ലിൽ എല്ലാം തേങ്ങ എറിയാൻ ഞങ്ങളെ കിട്ടില്ലെന്നും ക്രൈസ്തവ സഭയെ സംബന്ധിച്ച് കർഷക താല്പര്യങ്ങൾ മാത്രമാണ് മുഖ്യമെന്നും തലശേരി ബിഷപ്പ് വ്യക്തമാക്കി.

click me!