
കണ്ണൂർ: ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാനുള്ള അവസരം ഉറപ്പുവരുത്തുമെന്ന് അമിത്ഷാ പറഞ്ഞിട്ടും സ്ഥിതി മാറിയെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സംസ്ഥാന സർക്കാർ ജാമ്യ ഹർജിയെ എതിർക്കില്ലെന്നും കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാനുള്ള അവസരം ഉറപ്പുവരുത്തുമെന്നും കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞിരുന്നു. എന്നാൽ, സർക്കാരിന്റെ വക്കീൽ കന്യാസ്ത്രീകൾ ജാമ്യമില്ലാ കുറ്റം ചെയ്തുവെന്ന് കോടതിയിൽ പറഞ്ഞു. അതോടെ സ്ഥിതികൾ മാറുകയായിരുന്നു. കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടും ഛത്തീസ്ഗഢ് സർക്കാർ ഒപ്പം നിൽക്കുന്നില്ലെങ്കിൽ അതിനർത്ഥം അവർക്ക് ചില നിക്ഷിപ്ത താല്പര്യം ഉള്ളതു കൊണ്ടാണെന്നും ബിഷപ്പ് പാംപ്ലാനി പറഞ്ഞു.
കന്യാസ്ത്രീകൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് രാജ്യത്തിനു മുഴുവൻ ബോധ്യപ്പെട്ടിട്ടും അവരെ പുറത്തുവിടുന്നില്ല. ആരെയും ഇതുവരെ ക്രൈസ്തവർ നിർബന്ധിച്ചു മതം മാറ്റിയിട്ടില്ല. നിർബന്ധിത മത പരിവർത്തനം രാജ്യത്ത് നടക്കുന്നില്ല എന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. തുറങ്കിലടച്ച കന്യാസ്ത്രീകളെ പോലുള്ളവരെ പീഡിപ്പിക്കാൻ ആണ് നിർബന്ധിത മത പരിവർത്തന നിരോധന നിയമം കൊണ്ടു വന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകൾ അമിത വിശ്വാസം നൽകിയിരുന്നു. പക്ഷെ കാര്യത്തോട് അടുത്തപ്പോൾ സ്ഥിതി മാറി. ഭരണകൂടം തെറ്റ് ചെയ്‌തെന്ന് പറഞ്ഞ് തെരുവിൽ ഇറങ്ങിയപ്പോൾ ചിലർ സാമൂഹിക മാധ്യമങ്ങളിലൂടെ കളിയാക്കുന്നു. ഇവരെ ചില ക്രൈസ്തവ ഗ്രൂപ്പുകളും പിന്തുണക്കുന്നുണ്ട്. ഇത്തരക്കാരോട് 'ഇരിക്കുന്ന കൂട്ടിൽ കഷ്ടിക്കരുത്' എന്നു മാത്രമാണ് പറയാനുള്ളതെന്നും ബിഷപ്പ് പാംപ്ലാനി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam