
മലപ്പുറം: നല്ല നിലയിൽ പാൽ നൽകിയ പശു ചത്ത സംഭവത്തിൽ നിസാര കാരണം പറഞ്ഞ് ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് തിരിച്ചടി. മങ്കട സ്വദേശിയായ ക്ഷീര കർഷകന് 1.3 ലക്ഷം രൂപ നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. മങ്കടക്കടുത്ത് തയ്യില്‍ സ്വദേശിയും ക്ഷീര കര്‍ഷകനുമായ തയ്യില്‍ ഇസ്മായില്‍ നല്‍കിയ പരാതിയിലാണ് വിധി. ഇന്‍ഷുറന്‍സ് തുകയായി 70,000/രൂപയും നഷ്ടപരിഹാരമായി 50,000/രൂപയും കോടതി ചെലവ് 10,000 രൂപയും നൽകാനാണ് വിധി.
ഒരു മാസത്തിനകം വിധി നടപ്പിലാക്കാത്ത പക്ഷം വിധി തീയതി മുതൽ പണം നൽകുന്നത് വരെയുള്ള ദിവസത്തേക്ക് ഒന്‍പത് ശതമാനം പലിശയും ചേർത്ത് തുക നല്‍കണമെന്ന് പ്രസിഡന്റ് കെ. മോഹന്‍ദാസും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവില്‍ പറഞ്ഞു.
പാലക്കാട് നിന്ന് 70,000/ രൂപ നല്‍കിയാണ് തയ്യിൽ ഇസ്‌മയിൽ പശുവിനെ വാങ്ങിയത്. മുന്തിയ ഇനം പശു പ്രസവിച്ച ശേഷം പ്രതിദിനം 23 ലിറ്ററോളം പാല്‍ ലഭിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പശുവിന് രോഗം വന്നു. ഡോക്ടറെ കാണിച്ച് മരുന്ന് കൊടുത്തു. എന്നാല്‍ ഏതാനും ദിവസത്തിനകം പശു ചത്തു. ഇന്‍ഷുറൻസ് ആവശ്യത്തിനായി പശുവിനെ പരിശോധിച്ച അതേ ഡോക്ടര്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കുന്നതിനായി പശുവിന്റെ ഫോട്ടോ എടുത്തപ്പോള്‍ ടാഗ് കാണുന്നതിനായി ഇടതുവശം ചെവിയോട് ചേര്‍ത്തു വെച്ചാണ് ഫോട്ടോ എടുത്തത്. എന്നാല്‍ ടാഗ് പതിച്ചിരുന്നത് വലത് വശത്തെ ചെവിയിലാണെന്ന കാരണം പറഞ്ഞാണ് കമ്പനി ഇന്‍ഷുറന്‍സ് നിഷേധിച്ചത്.
വെറ്ററിനറി ഡോക്ടര്‍ വസ്തുതകള്‍ വിവരിച്ചുള്ള രേഖ നല്‍കിയെങ്കിലും ഇന്‍ഷുറന്‍സ് തുക നല്‍കാൻ കമ്പനി തയ്യാറായില്ല. തുടര്‍ന്നാണ് ഇസ്മായിൽ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്. പശുവിന് ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ പരിശോധിക്കുകയും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്ത വെറ്റിനറി ഡോക്ടര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായി മൊഴി നല്‍കി. തെളിവുകള്‍ പരിശോധിച്ച കമ്മീഷന്‍ ക്ഷീര കര്‍ഷകന്റെ ഇന്‍ഷുറന്‍സ് ആനുകൂല്യം ഏഴു മാസം വൈകിയത് ഗുരുതരമായ വീഴ്ചയാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് മുഴുവൻസ് ഇൻഷുറസ് തുകയും നൽകാൻ ഉത്തരവിട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam