BJP Kerala| ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെ ബിജെപി രംഗത്ത്

By Web TeamFirst Published Nov 14, 2021, 12:50 PM IST
Highlights

കൊവിഡ് 19 ഗ്ലോബല്‍ മെഡിക്കല്‍ സമ്മിറ്റ് എന്ന തലക്കെട്ടില്‍ വരച്ച കാര്‍ട്ടൂണില്‍ ഇന്ത്യയുടെ പ്രതിനിധിയായി സ്ഥലത്ത് കാവി പുതച്ച പശുവിനെ ചിത്രീകരിച്ചതാണ് പ്രതിഷേധത്തിന് കാരണം.
 

തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമിയുടെ (Kerala Lalitha kala Academy)  ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെ (Cartoon)  ബിജെപി (BJP) രംഗത്ത്. 25000 രൂപ സമ്മാനത്തുകയുള്ള ഓണറബിള്‍ പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ (K Surendran) രംഗത്തെത്തിയത്. കൊവിഡ് 19 ഗ്ലോബല്‍ മെഡിക്കല്‍ സമ്മിറ്റ് എന്ന തലക്കെട്ടില്‍ വരച്ച കാര്‍ട്ടൂണില്‍ ഇന്ത്യയുടെ പ്രതിനിധിയായി സ്ഥലത്ത് കാവി പുതച്ച പശുവിനെ ചിത്രീകരിച്ചതാണ് പ്രതിഷേധത്തിന് കാരണം. ഇംഗ്ലണ്ട്, ചൈന, യുഎസ്എ പ്രതിനിധികള്‍ക്കൊപ്പമാണ് ഇന്ത്യയുടെ പ്രതിനിധിയെ പശുവായി ചിത്രീകരിച്ചത്.

പിതൃശൂന്യ പ്രവൃത്തിയാണ് ലളിതകലാ അക്കാദമി കാണിച്ചതെന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സ്വന്തം നാടിനെ അപമാനിക്കാനും അവഹേളിക്കാനും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ തയ്യാറായാല്‍ അതിനെ എതിര്‍ക്കാന്‍ നാടിനെ സ്‌നേഹിക്കുന്നവര്‍ക്ക് മറുത്തൊന്നാലോചിക്കേണ്ടിവരില്ല. നാടു ഭരിക്കുന്നവരാണ് ഇത്തരം നെറികേടുകളെ നിയന്ത്രിക്കേണ്ടത്. അവരതിന് തയ്യാറാവുന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് അതേറ്റെടുക്കേണ്ടി വരുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഉത്തരവാദികളെ സമൂഹം വെറുതെ വിടില്ലെന്ന് മറ്റൊരു കുറിപ്പില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ കാര്‍ട്ടൂണുകള്‍ തെരഞ്ഞെടുത്തത് ജൂറിയാണെന്നും അവരുടെ അധികാരത്തില്‍ ഇടപെടില്ലെന്നും ലളിതകലാ അക്കാദമി വിശദീകരിച്ചു.
 

tags
click me!