വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്ര അനുമതി തേടുന്നത്, സംസ്ഥാനത്തിന്റെ വീഴ്ച മറച്ച് തടിതപ്പാനുള്ള നീക്കമെന്ന് ബിജെപി

Published : May 29, 2025, 04:38 PM ISTUpdated : May 29, 2025, 04:48 PM IST
വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്ര അനുമതി തേടുന്നത്, സംസ്ഥാനത്തിന്റെ വീഴ്ച മറച്ച് തടിതപ്പാനുള്ള നീക്കമെന്ന് ബിജെപി

Synopsis

മനുഷ്യന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്രാനുമതി തേടാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം ഇരട്ടത്താപ്പാണെന്ന് ബിജെപി.  

തിരുവനന്തപുരം: മനുഷ്യന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്രസർക്കാർ അനുമതി തേടാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം ഇരട്ടത്താപ്പാണെന്ന് ബിജെപി. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ കേന്ദ്രം മുന്നോട്ടുവെക്കുന്ന പല പദ്ധതികളും സംസ്ഥാനത്ത് നടപ്പാക്കുന്നില്ല. സിഎജി റിപ്പോർട്ടിൽ തന്നെ ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്വന്തം വീഴ്ച മറച്ചുവെച്ച് കേന്ദ്രത്തെ പതിവുപോലെ പഴി പറഞ്ഞു തടിതപ്പാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മലയോര വനമേഖലയിൽ കഴിയുന്ന ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണാതെ കേരള സർക്കാർ രാഷ്ട്രീയം കളിക്കുകയാണ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്നതിന് മതിയായ പദ്ധതികളും നിർദ്ദേശങ്ങളും കേന്ദ്രം നൽകിയിട്ടുണ്ട്. ഇത് നടപ്പാക്കാത്തതാണ് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണം. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാൻ ചീഫ് വൈൽഡ്ലൈഫ് വാർഡന് ഇപ്പോൾ തന്നെ അധികാരമുണ്ട്. കൃഷിനാശം ഉണ്ടാക്കുന്ന കാട്ടുപന്നികളുടെ കാര്യത്തിൽ ഈ അധികാരം പഞ്ചായത്ത് പ്രസിഡന്റിന് പോലും കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. 

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഉണ്ടായ വീഴ്ച മറച്ചുവെക്കാനാണ് ഇപ്പോൾ ഇത്തരമൊരു നീക്കം. ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ വൈദ്യുത വേലികളും കിടങ്ങുകളും നിർമ്മിക്കുന്നതിലും അവയുടെ പരിപാലനത്തിലും സർക്കാരിന് ഗൗരവപരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. വന്യജീവി പ്രശ്നം നേരിടുന്ന മേഖലകളിൽ ആവശ്യമായ മുൻകരുതൽ എടുക്കാനും നടപടികൾ സ്വീകരിക്കാനും ജില്ലകൾ കേന്ദ്രീകരിച്ച് പ്രത്യേക സമിതികൾ രൂപീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2021ൽ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കേരളം കാര്യക്ഷമമായി ഇടപെടൽ നടത്തിയിട്ടില്ല.

ഭൂരിഭാഗം ഇടത്തും സോളാർ വൈദ്യുത വേലി കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് സിഎജി റിപ്പോർട്ടിലും പറയുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ പ്രോജക്ട് എലിഫന്റ്, പ്രോജക്ട് ടൈഗർ എന്നീ പദ്ധതികളിലൂടെ കിടങ്ങുകളും വൈദ്യുത വേലിയും സ്ഥാപിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. അതിനാവശ്യമായ തുകയും നൽകുന്നുണ്ട്. മുന്നാർ-ചിന്നക്കനാൽ സോളാർ വൈദ്യുതി വേലി സ്ഥാപിക്കാൻ 1.93 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുള്ളത് ഇതിന് ഉദാഹരണമാണ്. വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാതെ അവയുടെ ആവാസത്തിൽ തന്നെ വെള്ളവും ഭക്ഷണവും ലഭ്യമാക്കണമെന്ന് കേന്ദ്ര നിർദ്ദേശം സംസ്ഥാനത്തെ വനം വകുപ്പ് പലപ്പോഴും പാലിക്കുന്നില്ല.

കേരളത്തിലെ വനഭൂമി കെ എസ് ഇ ബി ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ പോലും കയ്യേറി ഉപയോഗിക്കുന്നതും വലിയ അളവിൽ വർദ്ധിച്ചിട്ടുണ്ട്. ഇതോടെയാണ് ജനവാസ മേഖലകളിലേക്ക് വന്യജീവികൾ ഇറങ്ങിത്തുടങ്ങിയത്. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുണ്ടായ ഇത്തരം വീഴ്ചകൾ മറച്ചുവെക്കാനാണ് ഇപ്പോൾ കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്.
പ്രോജക്ട് ടൈഗർ, പ്രോജക്ട് എലിഫന്റ് എന്നീ പദ്ധതിയിലൂടെ 86 കോടി കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്.

എന്നാൽ വന്യജീവി ആക്രമണം ഉണ്ടായാൽ കർഷകന് ലഭിക്കേണ്ട നഷ്ടപരിഹാരം 24 മണിക്കൂറിനുള്ളിൽ നൽകണമെന്നാണ് കേന്ദ്ര നിർദ്ദേശം. കേരളത്തിൽ അത് ഒരിക്കലും പാലിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. കൃഷിനാശം ഉണ്ടായാൽ പലവിധ സർട്ടിഫിക്കറ്റുകൾ സർക്കാർ ഓഫീസുകളിൽ കാണിച്ച് കയറിയിറങ്ങേണ്ട അവസ്ഥയാണ് കേരളത്തിലെ കർഷകൻ. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങൾ പാമ്പുകടിയേറ്റ് മരിക്കുന്നതുപോലും വന്യജീവി ആക്രമണമായി കാണുന്നുണ്ട്. മരണപ്പെടുന്നവർക്ക് നാല് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകുന്നുമുണ്ട്.

ഇത്തരം യാഥാർത്ഥ്യവും സ്വന്തം പരാജയവും മറച്ചുവെച്ച് കേന്ദ്രസർക്കാരിനെ പഴിചാരാനാണ് പതിവുപോലെ പിണറായി വിജയൻ സർക്കാരിന്റെ ശ്രമം. കേന്ദ്രസർക്കാരും ബിജെപിയും വന്യമൃഗ പ്രശ്നങ്ങളിൽ ദുരിതം നേരിടുന്ന ജനങ്ങൾക്കൊപ്പം തന്നെയാണ്. ദുരിതം അനുഭവിക്കുന്ന സാധാരണക്കാരെയും കർഷകരെയും കണ്ടില്ലെന്നു നടിക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടികൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും. സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധവും ബിജെപി സംഘടിപ്പിക്കും.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല പാതയിൽ വീണ്ടും അപകടം; ബസുകൾ കൂട്ടിയിടിച്ചു; 51 പേർക്ക് പരിക്ക്; 13 പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി
ദിലീപിനെ പിന്തുണച്ച അടൂർ പ്രകാശിനെ തള്ളി ടി സിദ്ദിഖ്; 'പി ടിയാണ് ഞങ്ങളുടെ ഹീറോ, നീതിക്കൊപ്പം നിന്ന വഴികാട്ടി'