ബിജെപിയിൽ പ്രായപരിധി കർശനമാക്കുന്നു; 55 പിന്നിട്ടവർക്ക് ഇനി ജില്ലാ പ്രസിഡന്റാവാൻ കഴിയില്ല

By Web TeamFirst Published Dec 8, 2019, 5:09 PM IST
Highlights
  • ബിജെപി  സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റിയോഗം സമവായമാകാതെ പിരിഞ്ഞു
  • പാർട്ടി സംഘടനാ തെരഞ്ഞെടുപ്പിൽ പ്രായപരിധി കർശനമായി പാലിക്കാനാണ് ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിരിക്കുന്നത്

കൊച്ചി: ബിജെപി നേതൃസ്ഥാനങ്ങളിൽ പ്രായപരിധി കർശനമാക്കാൻ തീരുമാനം. കൊച്ചിയിൽ ചേർന്ന ഭാരവാഹി യോഗത്തിൽ ദേശീയ നേതൃത്വത്തിന്റെ തീരുമാനം റിപ്പോർട്ട്‌ ചെയ്തു. ഇതോടെ ഇനി 55 വയസ് പിന്നിട്ടവർക്ക് ജില്ലാ പ്രസിഡന്റുമാരാവാൻ സാധിക്കില്ലെന്ന് വ്യക്തമായി.

മണ്ഡലം പ്രസിഡന്റുമാർക്കും പ്രായപരിധിയുണ്ട്. 45 വയസ് കഴിഞ്ഞവർക്ക് പ്രസിഡന്റാവാൻ സാധിക്കില്ല. പാർട്ടി സംഘടനാ തെരഞ്ഞെടുപ്പിൽ പ്രായപരിധി കർശനമായി പാലിക്കാനാണ് ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിരിക്കുന്നത്.

ബിജെപി  സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റിയോഗം സമവായമാകാതെയാണ് പിരിഞ്ഞത്. സംഘടനാ സെക്രട്ടറി ബി.എൽ സന്തോഷിന്‍റെ നേതൃത്വത്തിലായിരുന്നു യോഗം. കെ. സുരേന്ദ്രൻ, എംടി രമേശ്, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് നേതാക്കൾ യോഗത്തിൽ ഉന്നയിച്ചത്. 

ഒറ്റ പേരിലേക്ക് സംസ്ഥാന നേതാക്കൾ എത്താതെ വന്നതോടെ സമവായ ചർച്ചകൾ തുടരാൻ യോഗത്തിൽ തീരുമാനമായി. ഈ മാസം 15 ന് ശേഷം ദേശീയ നേതാക്കൾ കേരളത്തിലെത്തി ഓരോ നേതാക്കളെയും പ്രത്യേകം കണ്ട് ചർച്ചകൾ നടത്തും. ജനുവരി ആദ്യം പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

click me!