
തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന തദ്ദേശതെരഞ്ഞെടുപ്പിൽ കൊവിഡ് ബാധിതർക്കുള്ള സ്പെഷ്യൽ പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി ബിജെപി. കോവിഡ് ബാധിതർക്കുള്ള സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് സുതാര്യമല്ലെന്നും വേട്ടെണ്ണലിന്റെ ഫലപ്രഖ്യാപനത്തിൽ പ്രത്യേക ബാലറ്റ് കണക്കാക്കരുതെന്നും ബിജെപി ആവശ്യപ്പെട്ടു.
സംഭവത്തിൽ ബിജെപി മുൻ തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ എസ്.സുരേഷിൻ്റെ നേതൃത്വത്തിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്. കൊവിഡ് രോഗികൾക്ക് പോസ്റ്റൽ ബാലറ്റ് നൽകിയതിൽ അതീവ ക്രമക്കേടുണ്ടെന്നും ഇക്കാര്യത്തിൽ ഇന്ന് തന്നെ പ്രശ്നപരിഹാരം കാണണമെന്നും ബിജെപി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് രോഗികൾക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്യുമ്പോൾ സ്ഥാനാർത്ഥികളെ വിവരം അറിയിക്കണമെന്ന നിർദേശം ഒരിടത്തും നടപ്പായില്ലെന്ന് എസ്.സുരേഷ് ആരോപിച്ചു. ആരോഗ്യ പ്രവർത്തകർ തന്നെ ഒപ്പ് സാക്ഷ്യപ്പെടുത്തിയാൽ മതിയെന്ന നിർദ്ദേശം വോട്ടർമാർ സ്വാധീനിക്കപ്പെടാൻ കാരണമായി.
എന്ത് ക്രമക്കേടും നടത്താൻ കഴിയുന്ന രീതിയിലാണ് ഈ സംവിധാനം നടപ്പാക്കിയത്. ഈ സാഹചര്യത്തിൽ കൊവിഡ് രോഗികളുടെ പോസ്റ്റൽ ബാലറ്റ് ഫലപ്രഖ്യാപനത്തിൻ്റെ ഘടകമാക്കരുത്. ടെൻഡേർഡ് ബാലറ്റായി ഈ വോട്ടുകളെ കണക്കാക്കി മാറ്റിവയ്ക്കണം. തിരുവനന്തപുരം കോർപ്പറേഷനിൽ പരാജയം മുന്നിൽ കാണുന്നത് എൽഡിഎഫാണ്. അതുകൊണ്ടാണ് ഏതു വിധേനയും ജയിക്കാൻ മാർഗങ്ങൾ തേടുന്നത്.
ബിജെപിയെ തോൽപിക്കാൻ എന്ത് മാർഗവും സ്വീകരിക്കും എന്ന് എ വിജയരാഘവൻ പറയുന്നത് ഇതൊക്കെയാണെന്നും എസ്.സുരേഷ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam