
തിരുവനന്തപുരം: 'ക്രിസ്ത്യൻ ഔട്ട് റീച്ച്' പാളിയെന്ന് ബിജെപി വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ ആകർഷിക്കാനായില്ല. ഹിന്ദു വോട്ടുകൾ നഷ്ടമായെന്നും ബിജെപി വിലയിരുത്തുന്നു. ബിജെപി ക്രിസ്ത്യൻ സ്ഥാനാർഥികളിൽ ജയിച്ചത് 1.3 ശതമാനം മാത്രമാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് 1926 സ്ഥാനാർത്ഥികളെയാണ് 14 ജില്ലകളിലായി ബിജെപി മത്സരിപ്പിച്ചത്. 25 പേർ മാത്രമാണ് ജയിച്ചത്. എട്ട് ജില്ലകളിൽ മാത്രമാണ് ജയിക്കാനായത്. കോട്ടയം ജില്ലയിൽ പോലും കാര്യമായ നേട്ടമുണ്ടാക്കാൻ ബിജെപിക്ക് ആയില്ല. 96 സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചതിൽ 12 പേർ മാത്രമാണ് ജയിച്ചത്.2020ലെ തെരഞ്ഞെടുപ്പിലെ വോട്ട് ശതമാനത്തിലേക്ക് ബിജെപിക്ക് എത്താനുമായില്ല.
തദ്ദേശ തെരഞ്ഞടുപ്പിൽ തിരുവനന്തപുരവും തൃപ്പൂണിത്തുറയും അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചത് ബിജെപിയെ സംബന്ധിച്ച് നേട്ടമാണ്. എന്നാല്‍ തൃശൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ മുന്നേറാനാകാത്തത് തിരിച്ചടിയായും ബിജെപി വിലയിരുത്തുന്നു. തൃശൂരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച ക്രൈസ്തവ വോട്ടുകള്‍ ഇപ്പോള്‍ ലഭിച്ചില്ലെന്നും വിലയിരുത്തലുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ കണക്കുപ്രകാരം എന്‍ഡിഎ വോട്ടുവിഹിതം 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടത്തിന് ഒപ്പം എത്തിയിട്ടില്ല. അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണം പിടിക്കാനായതും നഗരങ്ങളില്‍ മുന്നേറ്റമുണ്ടാക്കാനായതും നേട്ടമായി ബിജെപി വിലയിരുത്തുന്നു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി തീരുമാനിച്ചു. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു. കെ സുരേന്ദ്രന്‍റെ പേരാണ് പാലക്കാട് സജീവ പരിഗണനയിലുള്ളത്. ശോഭ സുരേന്ദ്രന്‍റെ പേര് കായംകുളത്താണ് പരിഗണിക്കുന്നത്. അമിത് ഷാ ജനുവരി 11ന് കേരളത്തിലെത്തും. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനാണ് ബിജെപി തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam