
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോടൊപ്പം വേദി പങ്കിട്ട് വെട്ടിലായി ബിജെപി ചെയർപേഴ്സൺ പ്രമീള ശശിധരൻ. സംഭവത്തിൽ പ്രമീള ശശിധരനെ പിന്തുണച്ചും വിമർശിച്ചും നേതാക്കൾ രംഗത്തെത്തി. വിഷയത്തിൽ നടപടിയെ കുറിച്ച് തീരുമാനം എടുക്കാൻ ഉച്ചയ്ക്ക് ജില്ലാ കമ്മറ്റി യോഗം ചേരും. അതിനിടെ, പ്രമീളയോട് മുതിർന്ന നേതാക്കൾ പ്രാഥമിക വിവരങ്ങൾ തേടി. എന്നാൽ പറയാനുള്ള കാര്യങ്ങൾ സംസ്ഥാന നേതൃത്വത്തോട് പറയുമെന്ന നിലപാടിലാണ് പ്രമീള ശശിധരൻ.
പ്രമീളയോട് ജില്ലാ നേതൃത്വം വിശദീകരണം തേടും. എന്നാൽ ചെയർപേഴ്സണെ തള്ളാതെയാണ് മുതിർന്ന ബിജെപി നേതാവ് എൻ ശിവരാജന്റെ പ്രതികരണം. ചെയർ പേഴ്സൺ എന്ന നിലയ്ക്ക് പോയതാണെന്നും രാഹുൽ വരുന്ന കാര്യം ചെയർപേഴ്സൺ അറിഞ്ഞില്ലെന്നും ശിവരാജൻ പറഞ്ഞു. ജനാധിപത്യ പാർട്ടിയാണ് അതിനാൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുമെന്നും ശിവരാജൻ പറഞ്ഞു.
ഇന്നലെയാണ് റോഡ് ഉദ്ഘാടന പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കൊപ്പം പാലക്കാട് നഗരസഭ ചെയർപേഴ്സണും പങ്കെടുത്തത്. നഗരത്തിലെ സ്റ്റേഡിയം ബൈപാസ് റോഡ് ഉദ്ഘാടനത്തിലാണ് ബിജെപി ചെയർപേഴ്സൺ പ്രമീള ശശിധരൻ പങ്കെടുത്തത്. രാഹുലിനെ പൊതു പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. യുവതികളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പരിപാടികളിൽ നിന്നും വിട്ടുനിന്നിരുന്നു. പിന്നീട് കെഎസ്ആർടിസി ബസ്സിൻ്റെ ഉദ്ഘാടനത്തിനും റോഡ് ഉദ്ഘാടനത്തിനും എംഎൽഎ പങ്കെടുത്തിരുന്നു. എന്നാൽ എംഎൽഎയെ തടയുമെന്ന നിലപാടിലായിരുന്നു ബിജെപിയും സിപിഎമ്മും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam