ശാന്തമാകാതെ തിരുവനന്തപുരം കോർപറേഷൻ; കൗൺസിൽ ഹാളിൽ രാത്രിയും പ്രതിഷേധം തുടർന്ന് ബിജെപി കൗൺസിലർമാർ

By Web TeamFirst Published Sep 30, 2021, 12:54 PM IST
Highlights

നികുതിയിനത്തിൽ ലഭിച്ച പണം ബാങ്കിൽ അടയ്ക്കാതെ തട്ടിപ്പ് നടത്തിയ കോർപറേഷൻ സോണൽ ഓഫീസുകളിലെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു രാത്രി മുഴുവൻ നീണ്ട പ്രതിഷേധം.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ  (Thiruvannathapuram Corporation) കൗൺസിൽ ഹാളിൽ രാത്രിയും പ്രതിഷേധം തുടർന്ന് ബിജെപി കൗൺസിലർമാർ. നികുതിയിനത്തിൽ ലഭിച്ച പണം ബാങ്കിൽ അടയ്ക്കാതെ തട്ടിപ്പ് നടത്തിയ കോർപറേഷൻ സോണൽ ഓഫീസുകളിലെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു രാത്രി മുഴുവൻ നീണ്ട പ്രതിഷേധം.അറസ്റ്റുണ്ടാകും വരെ കൗൺസിൽ ഹാളിൽ തുടരുമെന്നാണ് ബിജെപി നിലപാട്.

വലിയ തട്ടിപ്പാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് എംആർ ഗോപൻ ആരോപിച്ചു. ആകെ 29 ലക്ഷം രൂപയുടെ തട്ടിപ്പ് ഇതുവരെ കണ്ടെത്തി. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്താൽ പോരാ പൊലീസ് അന്വേഷിക്കണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം. തട്ടിപ്പ് എന്നത് ആരോപണമല്ല എന്ന് സസ്പെൻഷനിലൂടെ തെളിഞ്ഞതാണ്. എന്നിട്ടും തട്ടിപ്പിനെതിരെ പരാതി കൊടുക്കാൻ പോലും നഗരസഭ തയ്യാറാവുന്നില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വീട്ടുകരം ഒടുക്കിയവർക്ക് ഹെൽപ് ഡെസ്ക് വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.

അതേസമയം, ബിജെപി കൗൺസിലർ ഗിരികുമാറിനെതിരെ ഡെപ്യൂട്ടി മേയർ പി കെ രാജു മ്യൂസിയം പൊലീസിൽ പരാതി നൽകി. ഗിരികുമാർ കയ്യേറ്റം ചെയ്തെന്നാണ് ഡെപ്യൂട്ടി മേയറുടെ പരാതി. ഇന്നലെ തിരുവനന്തപുരം കോർപ്പറേഷന്റെ പ്രത്യേക കൗൺസിൽ യോഗത്തിനിടെയായിരുന്നു, നികുതി തട്ടിപ്പിനെ ചൊല്ലി ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യേറ്റമുണ്ടായത്.

നികുതിയിനത്തിൽ ലഭിച്ച പണം ബാങ്കിൽ അടയ്ക്കാതെ തിരുവനന്തപുരം കോർപറേഷനിലെ സോണൽ ഓഫീസുകളിലെ ഉദ്യോഗസ്ഥർ നടത്തിയ തട്ടിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.  കൗൺസിൽ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു ബിജെപി ആവശ്യം. അജണ്ടയിൽ ഇല്ലാത്ത വിഷയമെന്ന് കാണിച്ച് ഈ ആവശ്യം മേയർ തള്ളിയതോടെ, ബിജെപി കൗൺസിലർമാർ പ്രതിഷേധം തുടങ്ങി. ഇതിനിടെ ഡെപ്യൂട്ടി മേയറെ, പിടിപി കൗൺസിലറായ ഗിരികുമാർ കയ്യേറ്റം ചെയ്തെന്നും അസഭ്യം പറഞ്ഞെന്നുമാണ് ആരോപണം.

Also Read: തിരു. കോർപ്പറേഷനിൽ സംഘർഷം; ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്തു? കൗൺസിലർക്ക് സസ്പെൻഷൻ, പ്രതിഷേധിച്ച് ബിജെപി

 

click me!