
പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ ബിജെപി - ഡിവൈഎഫ്ഐ സംഘർഷം. ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയെ ഒരു സംഘം ക്രൂരമായി മർദ്ദിച്ചു. യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും വീടിന് നേരെയും ആക്രണമുണ്ടായി. കുറിയന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ തുടർന്നാണ് ഇരു പർട്ടികളും തമ്മിലുള്ള ഏറ്റുമുട്ടൽ.
ഇന്നലെ രാത്രിയിൽ ഡിവൈഎഫ്ഐയുടെ സമരപരിപാടികൾ കഴിഞ്ഞ് മടങ്ങും വഴി കോഴഞ്ചേരി ജംഗ്ഷനിൽ വച്ചാണ് ബോക്ക് കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറി നൈജിൽ കെ ജോണിന് നേരെ ആക്രമണം ഉണ്ടായത്. നൈജിലിന്റെ വാഹനത്തെ പിന്തുടർന്ന് എത്തിയ അക്രമി സംഘം കന്പി വടിയടക്കമുള്ള ആയുധങ്ങളുമായി മർദ്ദിക്കുകയിയരുന്നു. ക്രൂരമായി മർദ്ദിച്ച ശേഷം നൈജിലിനെ ഓടയിലേക്ക് തള്ളിയിട്ടു. വഴിയാത്രക്കാരിൽ ചിലരാണ് നൈജിലിനെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്കും കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ നൈജിൽ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
നൈജിലിന് നേരെ ആക്രമണം ഉണ്ടായി മണിക്കൂറുകൾക്കുള്ളിലാണ് യുവമോർച്ച കോഴഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അരുൺ ശശിയുടെയും സെക്രട്ടറി ദീപു ശ്രീഹരിയുടെ വീടിന് നേരെ ആക്രണമുണ്ടായത്. രാത്രി പന്ത്രണ്ടരയോടെ ദീപുവിന്റെ വീട്ടിലെത്തിയ അക്രമി സംഘം വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. വീട്ടിലുണ്ടായിരുന്ന ടിപ്പർ ലേറിയും ഇരുചക്രവാഹനങ്ങളും തല്ലിതകർത്തു.
ഡിവൈഎഫ്ഐ നേതാവിനെ ആക്രമിച്ച കേസിലെ ഒന്നും രണ്ടും പ്രതികാളാണ് അരുണും ദീപുവും. രണ്ട് ആക്രമണങ്ങളിലും പരസ്പരം ആരോപണമുന്നയിക്കുകയാണ് ബിജെപിയും ഡിവൈഎഫ്ഐയും. ശനിയാഴ്ചയാണ് കുറിയന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടന്നത്. ബാങ്ക് ഭരണം പിടിച്ച സിപിഎമ്മിനെതിര കള്ളവോട്ട് അടക്കമുള്ള ആരോപണങ്ങൾ ഉയന്നിരുന്നു.