
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ഇടത്പാര്‍ട്ടികളും ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്കെതിര െകടുത്ത പരിഹാസവുമായി ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്.2014 ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിന് ശേഷമാണ് കോൺഗ്രസ്സുകാർക്കും ഇടതു പക്ഷക്കാർക്കും മറ്റു പലർക്കും ഭരണഘടനയോട് ഭാഗികമായ സ്നേഹവും ബഹുമാനവും ഒക്കെ തോന്നി തുടങ്ങിയതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
'ഭരണഘടനയുടെ അന്തസ്സത്ത സംബന്ധിച്ച് ഇപ്പോൾ നമ്മളെ ഓർമിപ്പിക്കുന്നത് അതേ ഭരണഘടന സസ്‌പെന്റ് ചെയ്ത് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോൺഗ്രസ്സുകാരാണ്.അടിയന്തരാവസ്ഥയുടെ കാലത്ത് പ്രതിപക്ഷത്തെ ജയിലിടച്ച ശേഷം നാല്പത്തിരണ്ടാം ഭേദഗതിയിലൂടെ മതേതരത്വം , സോഷ്യലിസം എന്നീ ഭരണഘടനാ ശിൽപ്പികൾ ഉദ്ദേശിക്കാത്ത വാക്കുകൾ കൂടി എഴുതി ചേർത്ത കോൺഗ്രസ്സ് , ഭരണഘടന സംരക്ഷണത്തെപ്പറ്റി വാചാലരാകുന്നു .അധികാരമുള്ളപ്പോൾ ഭരണഘടനയിലെ 356 വകുപ്പ് ദുരുപയോഗിച്ച് 93 തവണ സംസ്ഥാന സർക്കാരുകളെ പിരിച്ചു വിട്ട കോൺഗ്രസ്സ് ,കേന്ദ്രം സംസ്ഥാനങ്ങൾക്ക് മേൽ അമിതാധികാര പ്രയോഗം നടത്തുകയാണെന്ന് വ്യാകുലപ്പെടുന്നു .
ഒന്നാം ഭരണഘടനാ ഭേദഗതിയിലൂടെ ആർട്ടിക്കിൾ 19 (1) (എ) അഭിപ്രായസ്വാതന്ത്ര്യത്തിന് തടയിട്ട് സർക്കാരിനെയും തന്നെയും വിമർശിക്കുന്ന സിനിമകളും പുസ്തകങ്ങളും കവിതകളും നിരോധിക്കുകയും കലാകാരന്മാരെ ജയിലിലടക്കുകയും ചെയ്ത നെഹ്രുവിന്‍റെ കൊച്ചുമോനാണ് പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ബിബിസിയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനായി വാദിക്കുന്നത് .
ഭരണഘടനയെ പുലഭ്യം പറഞ്ഞതിന് കോടതി ശിക്ഷിച്ച ഇഎം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ പാർട്ടി , ഇന്നും ഭരണഘടനയെ ആക്ഷേപിക്കുന്ന സജി ചെറിയാന്‍റെ പാർട്ടി. ആ സിപിഎമ്മാണ് ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് ബിജെപിക്കാർക്ക് ക്ലാസ്സെടുക്കാൻ വരുന്നത് .ഈ റിപ്പബ്ലിക് ദിനത്തിൽ നമുക്ക് ഈ ഇടത് കോൺഗ്രസ്സ് കാപട്യത്തെ തിരിച്ചറിയാം' . തുറന്ന് കാട്ടാമെന്നും സന്ദീപ് വാര്യരുടെ കുറിപ്പില്‍ പറയുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam