
തിരുവനന്തപുരം: മാതാപിതാക്കളുടെ അനുവാദത്തോടെ പെണ്‍കുട്ടികളെ ജോലിക്കു കൊണ്ടുപോയ കന്യാസ്ത്രീകളെ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ജയിലിലടച്ച ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം പ്രാകൃതവും നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
കത്തോലിക്ക കന്യാസ്ത്രീകള്‍ ആഗ്രയില്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്കു മൂന്നു പെണ്‍കുട്ടികളെയും ഒരു ആദിവാസി യുവാവിനെയും കൊണ്ടുപോകുമ്പോഴാണ് ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വെ സ്റ്റേഷനില്‍വച്ച് മലയാളികളായ സിസ്റ്റര്‍ പ്രീതിമേരി, സിസ്റ്റര്‍ വന്ദന എന്നിവരെ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കള്ളക്കേസുണ്ടാക്കി ജയിലിലടച്ചത്. മാതാപിതാക്കള്‍ എഴുതി നല്കിയ സമ്മതപത്രം ഇവരുടെ പക്കലുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്നാണ് പോലീസ് നടപടി ഉണ്ടായത്. രാജ്യത്തുടെനീളം ബിജെപിയും സംഘപരിവാരങ്ങളും നടത്തുന്ന ക്രൈസ്തവവേട്ടയുടെ തുടര്‍ച്ചയാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ ഇരട്ടിച്ചെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2014ല്‍ 127 സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ ബിജെപി പത്തുവര്‍ഷം ഭരിച്ചതിനെ തുടര്‍ന്ന് 2024ല്‍ ഇത് 834 ആയി ഇരട്ടിച്ചു. 2023-ല്‍ 734 ആക്രമണങ്ങളാണ് ഉണ്ടായത്. ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 753 ക്രൈസ്തവ പള്ളികളാണ് ആക്രമിച്ചത്. 79 ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ ദില്ലിയിൽ വലിയ പ്രതിഷേധ യോഗം ചേര്‍ന്നെങ്കിലും സര്‍ക്കാരിന്റെ മനോഭാവത്തില്‍ ഒരുമാറ്റവും ഉണ്ടായില്ല.
കത്തോലിക്ക സഭയുടെ ഭൂസ്വത്തുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ലേഖനം ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ചത് വ്യക്തമായ ഉദ്ദേശ്യത്തോടെയാണ്. കേരളത്തില്‍ പോലും വര്‍ഗീയതയുടെ തീപ്പൊരി ചിതറുന്നുണ്ട്. പാലക്കാട് നല്ലേപ്പിള്ളി സര്‍ക്കാര്‍ യുപി സ്‌കൂളില്‍ അധ്യാപകരെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയും തത്തമംഗലം ജി.ബി.യുപി സ്‌കൂളില്‍ പുല്‍ക്കൂട് തകര്‍ത്തും യേശുവിന്റെ തിരുപിറന്നാള്‍ ആഘോഷം അലങ്കോലപ്പെടുത്തിയത് സംഘപരിവാര്‍ സംഘടനയാണ്. ക്രിസ്മസ് ആഘോഷം തടഞ്ഞ നടപടി കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് കനത്ത കളങ്കമായെന്നും സണ്ണി ജോസഫ്.
ക്രിസ്ത്യന്‍ മിഷനറിമാരുടെ സേവനങ്ങളെ വര്‍ഗീയവത്കരിച്ച് അത് തടസ്സപ്പെടുത്തുകയാണ് വിദ്വേഷത്തിന്റെ വക്താക്കള്‍. ഫാ.സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള നിരവധി മിഷനറികള്‍ ഇന്ത്യയില്‍ പീഡനങ്ങളും മരണവും ഏറ്റുവാങ്ങി. ആദിവാസികളെ സംരക്ഷിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളാണ് സംഘപരിവാരങ്ങളെ ചൊടിപ്പിച്ചത്. മണിപ്പൂരില്‍ ആയിരത്തിലേറെ ക്രൈസ്തവ ദേവാലയങ്ങളും കെട്ടിടങ്ങളും കലാപകാരികള്‍ ചുട്ടെരിച്ചു. 200ലേറെ പേര്‍ക്ക് ജീവഹാനിയുണ്ടായി. 300ലേറെ ആദിവാസി ഗ്രാമങ്ങള്‍ കത്തി നശിച്ചു. 60000ത്തോളം ആളുകള്‍ പലായനം ചെയ്തു. കുറ്റകരമായ മൗനം പാലിച്ച പ്രധാനമന്ത്രി ഇതുവരെ അവിടെ സന്ദര്‍ശിക്കാന്‍പോലും തയ്യാറായിട്ടില്ല. മണിപ്പൂരിന് പുറമെ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന, ത്രിപുര, മധ്യപ്രദേശ് തുടങ്ങിയിടങ്ങളിലും ന്യൂനപക്ഷവേട്ട നടക്കുന്നതായി സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam