
തിരുവനന്തപുരം: ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് മുൻധനമന്ത്രി തോമസ് ഐസക് (Thomas Issac). എല്ലാ ഏജൻസികളേയും തങ്ങളുടെ രാഷ്ട്രീയലക്ഷ്യം നടപ്പാക്കാനാണ് ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ഇപ്പോൾ ഇങ്ങനെയൊരു നീക്കം തനിക്കെതിരെ നടത്തുന്നതിന് പിന്നിൽ ഇഡിക്ക് പല താത്പര്യവമുണ്ടായിരിക്കും. അതിനെ ആ രീതിയിൽ തന്നെ നേരിടുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
ഇതൊക്കെ രാഷ്ട്രീയലക്ഷ്യം വച്ചുള്ള നീക്കങ്ങളാണ്. ബിജെപി സര്‍ക്കാര്‍ എല്ലാ ഏജൻസികളേയും രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാൻ ഉപയോഗിക്കുകയാണ്. കിഫ്ബിക്കെതിരെ ഇഡിയും, സിഎജിയും, ആദായനികുതി വകുപ്പുമെല്ലാം കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഇറങ്ങിയതാണ്. എന്നിട്ടെന്തായി..? ഇപ്പോൾ ഇതിങ്ങനെ കുത്തിപ്പൊക്കുന്നതിന് വേറെ പല ലക്ഷ്യവും കണ്ടേക്കാം. അങ്ങനെയൊരു നോട്ടീസ് വരുന്നുണ്ടെങ്കിൽ അതിനു പിന്നിൽ പല ലക്ഷ്യവും ഉണ്ടാവും.
അങ്ങനെയൊരു നോട്ടീസുണ്ടെങ്കിൽ അതു രാഷ്ട്രീയമായ നീക്കമായിരിക്കും അതിനെ ആ രീതിയിൽ തന്നെ നേരിടും. നോട്ടീസ് വരട്ടെ ഹാജരാവണോ വേണ്ടയോ എന്നതിൽ അപ്പോൾ തീരുമാനമെടുക്കാം. കേരളത്തിൽ കിഫ്ബി എന്തൊരു മാറ്റമാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. നമ്മുടെ സ്കൂളുകളെല്ലാം നവീകരിച്ചു, നമ്മുടെ ആശുപത്രികൾ വികസിച്ചു. റോഡുകൾ ഒന്നൊന്നായി പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു. ഈ വര്‍ഷം ട്രാൻസ് ഗ്രിഡ് പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ വൈദ്യുതി പ്രതിസന്ധി അവസാനിക്കും. കെഫോണ്‍ അടുത്തു തന്നെ പൂര്‍ത്തിയാവും. ദേശീയപാതയും റിംഗ് റോഡ് നിര്‍മ്മാണത്തിനും ഭൂമിയേറ്റെടുക്കാൻ പണം നൽകുന്നു.
അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങളാണ് കിഫ്ബി ഫണ്ടിംഗിലൂടെ നടക്കുന്നത്. ഇതൊന്നും ചില്ലറയല്ല ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. ഇതൊക്കെ സര്‍ക്കാര്‍ എന്തിന് ചെയ്യണം? വൻകിടമുതലാളിമാരെക്കൊണ്ട് ചെയ്യിച്ചാൽ പോരെ...? അതാണ് അവരുടെ നയം. കേരളത്തിൽ ഈ പദ്ധതികളൊക്കെ സ്വകാര്യ കമ്പനികളെ ഏൽപിച്ചാൽ റോഡുകൾക്ക് ടോൾ ബൂത്ത് സ്ഥാപിക്കേണ്ടി വരും. സ്കൂളുകളും ആശുപത്രികളും നവീകരിക്കാനുള്ള പണം തിരികെ കിട്ടാൻ ഫീസ് നിരക്ക് കൂട്ടിയാൽ ജനം അംഗീകരിക്കുമോ അപ്പോ അതിനൊക്കെ പകരമുള്ള വഴിയാണ് കിഫ്ബി. ഈ പദ്ധതിയൊക്കെ നടപ്പായി കഴിഞ്ഞാൽ ജനങ്ങളിൽ സര്‍ക്കാരിന് അനുകൂലമായി ഉണ്ടാവുന്ന മാറ്റത്തെയാണ് അവര്‍ ഭയപ്പെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam