
തിരുവനന്തപുരം: പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര പരാതിയുന്നയിച്ച് സിറ്റിംഗ് കൗൺസിലറടക്കം രണ്ടുപേർ ആത്മഹത്യ ചെയ്തതതോടെ തിരുവനന്തപുരത്തെ, ബിജെപി കടുത്ത പ്രതിരോധത്തിൽ. സാമ്പത്തിക ക്രമക്കേട് മുതൽ മണ്ണ് മാഫിയ ബന്ധം അടക്കമുള്ള ആരോപണങ്ങൾക്ക് മറുപടി പറയേണ്ട അവസ്ഥയിലാണ് സംസ്ഥാന നേതൃത്വം. തുടർ ആത്മഹത്യകൾ സിപിഎമ്മും കോൺഗ്രസും ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ്.
പ്രതിപക്ഷ സ്ഥാനത്ത് നിന്ന് ഭരണത്തിലേക്കെത്തുകയെന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരം കോർപറേഷനിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്നത്. സംസ്ഥാന അധ്യക്ഷൻ തന്നെ നേരിട്ട് നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയുമായി മുന്നോട്ട് പോകുന്നതിനിടെയാണ് തിരുവനന്തപുരം കോര്‍പറേഷനിൽ ബിജെപി കനത്ത പ്രതിരോധത്തിലായത്. തിരുമല കൗൺസിലര്‍ അനിൽകുമാര്‍ നേതാക്കൾക്കെതിരെ ഉന്നയിച്ചത് സഹകരണ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടാണ്. തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ച ആനന്ദ് മണ്ണ് മാഫിയ ബന്ധം അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയത്.
തിരുവനന്തപുരം കോർപറേഷനിൽ തിരുമലയും തൃക്കണ്ണാപുരവും ബിജെപിയുടെ എ ക്ലാസ് വാര്‍ഡുകളാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറെ വിജയസാധ്യത കൽപ്പിക്കുന്ന നേമം മണ്ഡലത്തിലാണ് ഈ രണ്ട് വാർഡുകളും ഉൾപ്പെടുന്നത്. അതിനാൽ തന്നെ പ്രാദേശിക ചേരിതിരിവ് ചെറുതല്ലാത്ത തലവേദനയാണ് പാർട്ടി നേതൃത്വത്തിന് ഉണ്ടാക്കുന്നത്.
തിരുമല കൗൺസിലര് അനിൽകുമാറിന്‍റെ മരണത്തിന് പിന്നാലെ കൂടുതൽ സാമ്പത്തിക ആരോപണങ്ങളും നേതാക്കളെ ചുറ്റിപ്പറ്റി ഉയരുന്നുണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് എടുത്ത ലക്ഷക്കണക്കിന് രൂപ തിരിച്ചടക്കാത്ത ബിജെപി നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി മുതിര്‍ന്ന നേതാവ് എംഎസ് കുമാര്‍ രംഗത്തെത്തിയത് അടുത്തിടെയാണ്. ഇതിനിടെ നെടുമങ്ങാട് നഗരസഭ വാര്‍ഡിലെ സ്ഥാനാര്‍ത്ഥിത്വ തര്‍ക്കത്തെ തുടര്‍ന്ന് നടന്ന ആത്മഹത്യ ശ്രമവും പ്രചാരണ വേദിയിൽ ബിജെപിക്ക് തലവേദനയായിട്ടുണ്ട്.