
തിരുവനന്തപുരം: ശബരിമല സ്വർണ്ണപാളി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. മുഖ്യമന്തിരിയുടെ മൗനം ദുരൂഹമാണെന്നും വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുണ്ടെന്നും എം ടി രമേശ്. ഇക്കാര്യത്തിൽ കേന്ദ്ര അന്വേഷണ ഏജൻസിയുടെ സമഗ്രമായ അന്വേഷണം വേണം. സർക്കാർ പ്രതിക്കൂട്ടിലകപ്പെട്ട സാഹചര്യത്തിലും പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. മോഷണത്തിന് നേതൃത്വം കൊടുത്തത് ദേവസ്വം ബോർഡിലുള്ളവരാണെന്ന് തെളിയുകയാണ്. ആരാണ് ഇതിനൊക്കെ അധികാരം കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു.
ദേവസ്വം ബോർഡ് പ്രസിഡന്റായി എൻ.വാസു വന്നതിന് ശേഷമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. ആ കാലത്താണ് കൂടുതൽ വിവാദങ്ങൾ ഉണ്ടാകുന്നത്. മുഖ്യമന്ത്രിയുടെ പ്രതിപുരുഷനാണ് വാസു. അടി മുതൽ മുടി വരെ ദുരൂഹമാണ് മുഴുവൻ കാര്യങ്ങളും. സിപിഎം നേതാക്കളുമായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉള്ള ബന്ധങ്ങൾ തെളിഞ്ഞു വരികയാണെന്നും ആളുകളെ പൊട്ടന്മാരാക്കുന്നുവെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ആരോപിച്ചു. പ്രത്യക്ഷത്തിൽ കാണുന്ന സ്വർണ്ണപാളിയുടെ അവസ്ഥ ഇതാണെങ്കിൽ ശബരിമലയിലെ കാണിക്കവഞ്ചിയിൽ നിന്നും കോടികൾ കൈയിട്ടുവാരിയിട്ടുണ്ടെന്നത് വ്യക്തമാണ്. ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അയ്യപ്പന്റെ മുതൽ കൊള്ളയടിക്കുന്നവർ ശബരിമലയിൽ എന്ത് വികസനമാണ് കൊണ്ട് വരുന്നതെന്നും എം ടി രമേശ് ചോദിച്ചു. ശക്തമായ പ്രതിഷേധവുമായി ബിജെപി മുന്നോട്ട് പോകും. നാളെ ക്ലിഫ് ഹൗസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. 9,10 തീയതികളിൽ എല്ലാ ജില്ലകളിലും വ്യാപക പ്രതിഷേധമുണ്ടാകും. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഉത്തരം പറയുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.