
തിരുവനന്തപുരം: പാർട്ടിയിലെ ഭിന്നതയും വിവാദങ്ങളും ശക്തമായിരിക്കെ ബിജെപി സംസ്ഥാന ഭാരവാഹിയോഗം നാളെയും മറ്റന്നാളുമായി നടക്കും. തദ്ദേശതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികൾക്ക് രൂപം നൽകലാണ് ബിജെപി യോഗത്തിന്‍റെ പ്രധാന അജണ്ട. പക്ഷെ പുന:സംഘടനയെ ചൊല്ലിയുള്ള തർക്കങ്ങളും മഹിളാമോർച്ച നേതാവ് സ്മിതാമേനോൻ ഉൾപ്പെട്ട വിവാദവും ചർച്ചക്ക് വരാനിടയുണ്ട്.
കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ അടക്കമുള്ളവരെ തഴഞ്ഞ് എപി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡണ്ടാക്കിയതിൽ ഗ്രൂപ്പിന് അതീതമായി പാർട്ടിയിലുള്ള അമർഷം യോഗത്തിൽ പ്രതിഫലിക്കുമെന്നാണ് വ്യക്തമാകുന്നത്. ദേശീയ നേതൃത്വം എടുത്ത തീരുമാനം എല്ലാവരും അംഗീകരിക്കണമെന്ന അച്ചടക്കത്തിന്‍റെ വാളോങ്ങിയാണ് സംസ്ഥാനനേതൃത്വം എതിർശബ്ദങ്ങളെ ഇതുവരെ പുറത്ത് നേരിട്ടത്.
നേതൃത്വവുമായി ഉടക്കി പാർട്ടി പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്ന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രൻ ഈ യോഗത്തിനും എത്താൻ സാധ്യതകുറവാണ്. കേന്ദ്ര സഹമന്ത്രി വി മുരളീധരനൊപ്പം യുവമോർച്ചാ നേതാവ് സ്മിതാമേനോൻ വിദേശത്തെ മന്ത്രിതല യോഗത്തിൽ പങ്കെടുത്തത് ഇതിനകം വലയി വിവാദമായികഴിഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ യോഗത്തിൽ പ്രശ്നം ഉന്നയിക്കാനിടയുണ്ട്.
ജലീലിനെതിരെ പ്രോട്ടോക്കോൾ ലംഘനം ഉയർത്തി സമരം ചെയ്യുന്ന പാർട്ടിക്ക് ഈ വിവാദം തിരിച്ചടിയുണ്ടാക്കിയെന്ന് ചില നേതാക്കൾക്ക് അഭിപ്രായമുണ്ട്. ഭാരവാഹികളെ നിശ്ചയിക്കുന്നതിൽ അനുഭവസമ്പത്തുള്ളവരെ തഴഞ്ഞെന്നെ പൊതു പരാതിയെ ബലപ്പെടുത്തുന്ന രീതിയിൽ സ്മിതാമേനോന്‍റെ നിയമനവും ചർച്ചായിട്ടുണ്ട്. എന്നാൽ മുരളീധര പക്ഷം സമ്മർദ്ദത്തിലാകുന്ന ഈ വിവാദത്തിൽ കൃഷ്ണദാസ് പക്ഷം യോഗത്തിലെടുക്കുന്ന നിലപാട് പ്രധാനമാണ്. ആദ്യം ഉടക്കിയെങ്കിലും എ എൻരാധാകൃഷ്ണനും എം ടിരമേശും കെ സുരേന്ദ്രനുമായി അനുനയ പാതയിലാണ് ഇപ്പോൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam