
തിരുവനന്തപുരം: നാർകോടിക് ജിഹാദ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ മതംതിരിച്ചുള്ള കണക്ക് പുറത്തുവിട്ട മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം മതംതിരിച്ച് കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കണക്ക് സൂക്ഷിക്കുന്നുണ്ടോയെന്നും ഇതിന് എന്ത് ആധികാരികതയാണ് ഉള്ളതെന്നും ചോദിച്ചു.
'പാലാ ബിഷപ്പിനോട് മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്ന് പറഞ്ഞത് ശരിയല്ല. അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണിത്'- അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ സർക്കാർ പിന്തുണയുള്ള ഹർത്താൽ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി അധ്യക്ഷൻ കുറ്റപ്പെടുത്തി. ദില്ലിയിലെ കർഷക സമരക്കാർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ കേരളത്തിൽ ബാധകമല്ല. അതുകൊണ്ടുതന്നെ കേരളത്തിൽ ഹർത്താൽ നടത്തുന്നത് അനാവശ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന് നവംബർ ഒന്ന് എന്ന കട്ട് ഓഫ് ഡേറ്റിന്റെ ആവശ്യമില്ല. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടില്ല. സർക്കാരെടുക്കുന്നത് വ്യവസ്ഥയില്ലാത്ത തീരുമാനങ്ങളാണ്. രക്ഷിതാക്കൾക്ക് ഉയർന്ന ആശങ്കയുണ്ട്. സർക്കാർ ഇതൊരു ദുരഭിമാന പ്രശ്നമായി കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ബിജെപിയുടെ പുനസംഘടനയും പദവിമാറ്റവും മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടി മാത്രമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. മൂന്ന് വർഷ കാലാവധി കഴിഞ്ഞും ചുമതലകളിൽ തുടരാം, അതിന് മുൻപേ വേണമെങ്കിൽ മാറ്റാമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam