നാർക്കോട്ടിക്സ് വിവാദം ഏറ്റെടുത്ത് ബിജെപി, ബിഷപ്പിനെ പിന്തുണച്ച് കേരള കോൺഗ്രസ്, കരുതലോടെ സിപിഎമ്മും കോൺഗ്രസും

By Web TeamFirst Published Sep 12, 2021, 7:06 PM IST
Highlights

ക്രൈസ്തവ വിഭാഗങ്ങളുടെ സംരക്ഷണ റോൾ ബിജെപി ഏറ്റെടുക്കാനിറങ്ങയിത് പരിഗണിച്ച് കരുതലോടെ നീങ്ങാനാണ് എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും നീക്കം.  

തിരുവനന്തപുരം: പാലാ ബിഷപ്പിന്‍റെ പരാമർശം കോൺഗ്രസ്സിനും സിപിഎമ്മിനും എതിരെ ആയുധമാക്കി ബിജെപി. പാലാ ബിഷപ്പിന്‍റെ പരാമർശത്തിന്‍റെ അടിസ്ഥാനത്തിൽ അമിത് ഷായ്ക്ക് ബിജെപി ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യൻ അയച്ച കത്തിൽ കോൺഗ്രസ്സിനും സിപിഎമ്മിനും എതിരെ ഉള്ളത് ഗുരുതര വിമർശനങ്ങളാണ്. ഇരുപാർട്ടികളും ജിഹാദി ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നു. ബിഷപ്പിനെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും രൂക്ഷമായി വിമർശിക്കുന്നു. നാർക്കോട്ടിക് ജിഹാദിൽ അന്വേഷണം വേണം തുടങ്ങിയ ആവശ്യങ്ങളാണ് കത്തിലുള്ളത്. 

കുറച്ച് ദിവസത്തെ മൗനത്തിന് ശേഷം ബിഷപ്പിനെ പിന്തുണച്ച ജോസ് കെ മാണി എൽഡിഎഫിനെ സമ്മർദ്ദത്തില്‍ ആക്കുകയാണ്. മുഖ്യമന്ത്രി അടക്കം നാർക്കോട്ടിക് ജിഹാദ് തള്ളുമ്പോൾ ബിഷപ്പ് ഉയർത്തിയത് സാമൂഹ്യ തിന്മയ്‍ക്കെതിരായ ജാഗ്രതയാണെന്നാണ് ജോസിന്‍റെ നിലപാട്. ബിഷപ്പിനെ ആക്ഷേപിക്കുന്നവർ കേരളത്തിന്‍റെ മതസാഹോദര്യവും സമാധാനവും തകർക്കുന്നുവെന്നും കൂടി പറഞ്ഞാണ് ജോസിന്‍റെ പിന്തുണ. ബിഷപ്പിനെ രൂക്ഷമായി എതിർ‍ത്ത പ്രതിപക്ഷനേതാവിന് മുന്നറിയിപ്പ് നൽകിയുള്ള മോൻസ് ജോസഫിന്‍റെ നിലപാടിൽ യുഡിഎഫും കുടുങ്ങി.

മുന്നണിയിൽ നിന്നും ഭിന്നസ്വരം ഉയരുന്നതിലും ബിജെപി ക്രൈസ്തവ വിഭാഗങ്ങളുടെ സംരക്ഷണ റോൾ ഏറ്റെടുക്കാനിറങ്ങയിതും പരിഗണിച്ച് കരുതലോടെ നീങ്ങാനാണ് എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും നീക്കം.  ബിഷപ്പിനെതിരായ പ്രത്യക്ഷ പ്രതിഷേധങ്ങളെ യുഡിഎഫും എൽഡിഎഫും അനുകൂലിക്കുന്നില്ല. ഹിന്ദു സമൂഹത്തിനപ്പുറത്തെ പിന്തുണ ഇല്ലെങ്കിൽ കേരളം പിടിക്കാനാകില്ലെന്ന് ദേശീയ നേതൃത്വത്തിന്‍റെ മുൻ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ ബിജെപി നാർക്കോട്ടിക് വിവാദം സുവർണ്ണ അവസരമായി കാണുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!