
ആലപ്പുഴ: രാഹുലിന് കോൺഗ്രസ് സംരക്ഷണം ഒരുക്കുന്നു എന്ന ആരോപണവുമായി ബിജിപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാർ. ഔദ്യോഗിക പരിപാടികളിൽ എംഎൽഎ എന്ന നിലയിൽ രാഹുലിനെ പങ്കെടുപ്പിക്കില്ലെന്നും രാഹുൽ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരും, കോണ്‍ഗ്രസിന്‍റേത് ഇരട്ടത്താപ്പാണ്. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി എന്ന് പറയുന്നു. എന്നിട്ട് സംരക്ഷണം നൽകുന്നത് കോൺഗ്രസ് നേതാക്കൾ തന്നെ എന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു.
കൂടാതെ, രാഹുൽ ഏറ്റവും ഗതികെട്ട എംഎൽഎയാണെന്നും രാഹുലിന് സ്വന്തം മണ്ഡലത്തിൽ ഒളിച് വരേണ്ടി വരുന്നു, തെറ്റ് ചെയ്തിട്ടുണ്ടെന്ന് രാഹുലിനും ഉറപ്പുണ്ട്. ആരോപണങ്ങളെ രാഹുൽ നിഷേധിച്ചിട്ടില്ല. 38 ദിവസമായിട്ടും നിയമനടപടി പോലും സ്വീകരിച്ചിട്ടില്ല എന്നും കൃഷ്ണകുമാര്‍ പറയുന്നു.
അതേസമയം കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയോടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിലെത്തിയിട്ടുണ്ട്. അഭിവാദ്യം ചെയ്തും ചേർത്തുപിടിച്ചുമാണ് രാഹുലിനെ നേതാക്കൾ സ്വീകരിച്ചത്. എന്നാൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചില്ല. അതിനിടെ, എംഎൽഎ ഓഫീസിന് പൊലീസ് സുരക്ഷ കൂട്ടി. രാഹുലിനെതിരെ കടുത്ത പ്രതിഷേധവുമായി ബിജെപിയും ഡിവൈഎഫ്‌ഐയും രംഗത്തെത്തി. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വാഹനത്തിൽ നിന്നും എംഎൽഎ ബോർഡ് മാറ്റിയതായാണ് വിവരം. നിലവിൽ രാഹുൽ ഓഫീസിലേക്ക് പോകാൻ സാധ്യത കുറവാണുള്ളത്.
വിവാദങ്ങള്‍ക്ക് പിന്നാലെ 38 ദിവസത്തിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പാലക്കാട് എത്തിയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്ന സേവിയറിന്റെ സഹോദരൻ മരിച്ചിരുന്നു. അവരെ കാണാനാണ് രാഹുല്‍ പാലക്കാട് എത്തിയത്. ആരോപണങ്ങൾക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആദ്യമായാണ് പാലക്കാട് എത്തുന്നത്. ആഗസ്റ്റ് 17 നാണ് രാഹുൽ പാലക്കാട് നിന്നും പോയത്. 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം പുറത്ത് വന്നത്.