
പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെ കുറിച്ചുള്ള മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശത്തിൽ പൊലീസിൽ പരാതി നൽകി ബിജെപി നേതാവ്. പാറ്റ്നയിലെ കോട്‌വാലി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ബിജെപി നേതാവ് കൃഷ്ണ സിങ് കല്ലുവാണ് പരാതിക്കാരൻ. ബിജെപി നേതാക്കൾ വിമർശനം ശക്തമാക്കിയതിന് പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പൊലീസ് സ്വീകരിച്ച തുടർനടപടികൾ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.
ബിഹാറിലെ പാറ്റ്നയിൽ ഡോ. ശ്രീ കൃഷ്ണ സിങ്ങിന്റെ 139-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രസംഗിക്കവെയാണ് വലിയ നാടകീയ രംഗങ്ങൾക്ക് ശേഷം ഖാർഗെയുടെ വിവാദ പരാമർശം ഉണ്ടായത്. പ്രധാനമന്ത്രിക്ക് നുണ പറയുന്ന സ്വഭാവമുണ്ടെന്നും, അധികാരത്തിലെത്തിയാൽ നൂറുദിവസത്തിനുള്ളിൽ വിദേശത്തുള്ള മുഴുവൻ കള്ളപ്പണവും തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ ആ പണം എവിടെയെന്നും ഖാർഗെ ചടങ്ങിൽ ചോദിച്ചു.
കേന്ദ്ര സർക്കാരിനെതിരെ ഖാർഗെ സംസാരിക്കുന്നതിനിടെ, പ്രധാനമന്ത്രി മോദി എവിടെയും പോകില്ലെന്ന് സദസ്സിൽ നിന്നൊരാൾ ഉറക്കെ വിളിച്ചുപറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇതിന് മറുപടിയായി 'മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി വരും' എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം. ഇതിന് പിന്നാലെ മോദി അനുകൂല നിലപാട് സദസ്സിൽ വിളിച്ചുപറഞ്ഞയാളെ പിന്നീട് സംഘാടകർ ഹാളിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam