
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെ മുഹമ്മദലി ജിന്നയുമായി താരതമ്യപ്പെടുത്തി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ്. പിണറായിയുടെ മലപ്പുറത്തെ പ്രസംഗമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പൗരത്വനിയമഭേദഗതിയിലൂടെ മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരായി മാറ്റിയെന്നായിരുന്നു കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണറാലിയില്‍ പങ്കെടുത്തുകൊണ്ട് പിണറായി സംസാരിച്ചത്.
നിഷ്കാസനം ചെയ്യേണ്ട വിഭാഗമായാണ് ആര്‍എസ്എസ് മുസ്ലീങ്ങളെ കാണുന്നത്, എല്ലാ വിഭാഗക്കാരും ഒറ്റ മനസോടെയായിരുന്നു രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടിയത്, എന്നാല്‍ ഇന്ത്യയുടെ ആ സാംസ്കാരിക ചരിത്രത്തെ ഇല്ലാതാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും പിണറായി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
ഇതിനെതിരെയാണിപ്പോള്‍ ബിജെപി പ്രതിഷേധം ശക്തമായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗം രാജ്യദ്രോഹപരമാണെന്നും ഇതിനെ ബിജെപി നിയമപരമായി നേരിടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.
പ്രസംഗം ഭരണഘടനാ ലംഘനം, മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് പണ്ട് ജിന്നയും പറഞ്ഞത്, മുഖ്യമന്ത്രിക്ക് ആ കസേരയിൽ ഇരിക്കാൻ നിയമപരമായ അവകാശം ഇല്ലാതായി. മുഖ്യമന്ത്രിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണം, അഭിനവ മുഹമ്മദലി ജിന്നയായി പിണറായി അധപതിച്ചു, വിഘടന വാദത്തിന്‍റെ ശബ്ദമാണ് മുഖ്യമന്ത്രിയിലൂടെ പുറത്തുവന്നത്, മുസ്ലീങ്ങൾ ഇന്ത്യയിൽ രണ്ടാം തരം പൗരൻമാരെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്, ഇവരെ പാക്കിസ്ഥാനിലേക്ക് ആട്ടിയോടിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു, മുസ്ലിങ്ങൾ അരക്ഷിതരാണെന്ന് വരുത്തിത്തീർക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.
'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കുന്നതിൽ തങ്ങള്‍ക്ക് അഭിമാനമാണ്, അത് ആര് എഴുതിയതാണെന്ന് നോക്കിയല്ല തങ്ങള്‍ വിളിക്കുന്നത്, ആരാണ് എഴുതിയതെന്ന് ഇപ്പോൾ മനസ്സിലായല്ലോ, ഇനിയെങ്കിലും കമ്മ്യൂണിസ്റ്റുകാർ 'ഭാരത് മാതാ കീ ജയ്' വിളിക്കുമോ, കമ്മ്യൂണിസ്റ്റുകാർ ഇത് വിളിച്ചിരുന്നോ, മതം നോക്കിയാണല്ലോ ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും പികെ കൃഷ്ണദാസ് വിമര്‍ശനമുന്നയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam