
തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിക്കുന്നതിന് പിഴയടക്കമുള്ള ശിക്ഷ നടപടി ഏർപ്പെടുത്തിയതിനെതിരെ ബി ജെ പി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. ആയിരം രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദ് ചെയ്യലുമെന്ന നടപടിയെ പരിഹസിച്ച സന്ദീപ് വാര്യർ ഹെൽമെറ്റിൽ ക്യാമറ വച്ച കുറ്റത്തിന് തൂക്കി കൊന്നേക്കണമെന്നും വിമർശിച്ചു. ഹെൽമെറ്റിൽ ക്യാമറ ഘടിപ്പിച്ചത് കൊണ്ട് എത്ര അപകടം വർദ്ധിച്ചിട്ടുണ്ടെന്ന് ചോദിച്ച സന്ദീപ് എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് പറയണമെന്നും ആവശ്യപ്പെട്ടു. ജനങ്ങളോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച് ഉദ്യോഗസ്ഥ ധാർഷ്ട്യത്തിനെതിരെയുള്ള തെളിവായി ക്യാമറ ഹെൽമെറ്റിലെ ദൃശ്യങ്ങൾ മാറുന്നതിനുള്ള അസഹിഷ്ണുതയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ബി ജെ പി നേതാവ് അഭിപ്രായപ്പെട്ടു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണ രൂപത്തിൽ
ആയിരം രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദ് ചെയ്യലും മാത്രം പോരാ സാർ , ഹെൽമെറ്റിൽ ക്യാമറ വച്ച കുറ്റത്തിന് തൂക്കി കൊന്നേക്കണം .. ഹെൽമെറ്റിൽ ക്യാമറ ഘടിപ്പിച്ചത് കൊണ്ട് എത്ര അപകടം വർദ്ധിച്ചു ? എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം ? ജനങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല മറിച്ച് പലപ്പോഴും ഉദ്യോഗസ്ഥ ധാർഷ്ട്യത്തിനെതിരെയുള്ള തെളിവായി ക്യാമറ ഹെൽമെറ്റിലെ ദൃശ്യങ്ങൾ മാറുന്നതിനുള്ള അസഹിഷ്ണുതയാണ് ഈ തീരുമാനത്തിന് പിറകിൽ.
അതേസമയം ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിക്കുന്നത് വിലക്കി ഇന്ന് രാവിലെയാണ് മോട്ടോർ വാഹന വകുപ്പ് ഉത്തരവിട്ടത്. ഹെൽമറ്റുകളുടെ ഘടനയിൽ വരുത്തുന്ന മാറ്റം അപകടങ്ങൾ ഉണ്ടാക്കുമെന്ന് ചൂണ്ടികാട്ടിയാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി. ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയാൽ 1000 രൂപ പിഴ ഈടാക്കുമെന്ന് വ്യക്തമാക്കിയ എം വി ഡി, ആവശ്യമെങ്കിൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ഇക്കാര്യം ആവശ്യപ്പെട്ടുള്ള നിർദ്ദേശം നൽകിയെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ ഉണ്ടായ അപകടങ്ങളിൽ ക്യാമറ വച്ച ഹെൽമറ്റ് ധരിച്ചവർക്ക് പരിക്കേൽക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ പുതിയ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam