
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ ബിജെപി മികച്ച വിജയം നേടുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. അഖിലേന്ത്യാ നേതൃത്വം പാലക്കാട്ടെ തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ തനിക്ക് ചുമതല നൽകി. ബിജെപി പാലക്കാട് തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും പാർട്ടിയിൽ വിഭാഗീയതയില്ലെന്നും ശോഭ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാലക്കാട് ശോഭ സുരേന്ദ്രനും വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയും തൃശൂരിൽ പത്മജ വേണുഗോപാലും നേമത്ത് രാജീവ് ചന്ദ്രശേഖറും മത്സരരംഗത്തുണ്ടാവുമെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാർത്ഥിയായി ആർ ശ്രീലേഖ ചുവരെഴുതി പ്രചാരണം തുടങ്ങി. കോൺഗ്രസിൽ നിന്ന് കെ മുരളീധരനും എൽഡിഎഫിൽ നിന്ന് സിറ്റിംഗ് എംഎൽഎ വി കെ പ്രശാന്തും മത്സരിക്കുമെന്ന് ഉറപ്പായതോടെ വട്ടിയൂർക്കാവിൽ മണ്ഡലചിത്രം തെളിഞ്ഞു. ശ്രീലേഖയോട് മണ്ഡലത്തിൽ സജീവമാകാൻ ബിജെപി നിർദ്ദേശിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് ജയിച്ച ശ്രീലേഖ മേയറാകാത്തതിൽ പരിഭവത്തിലായിരുന്നു. സമവായത്തിൻറെ ഭാഗമായി വട്ടിയൂർക്കാവിൽ സീറ്റ് നൽകാമെന്ന് പാർട്ടി ഉറപ്പ് നൽകിയാണ് അനുനയിപ്പിച്ചത്.
അതേസമയം, സിറ്റിംഗ് എംഎൽഎ വികെ പ്രശാന്ത് ഇടത് സ്ഥാനാർത്ഥിയാകുമെന്നുറപ്പാണ്. മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് കെ മുരളീധരനെ ഇറക്കുന്നതോടെ വട്ടിയൂർക്കാവിൽ ശക്തമായ ത്രികോണപ്പോര് ഉറപ്പായി. 2021ൽ വട്ടിയൂര്‍ക്കാവിൽ എൽഡിഎഫിന് 61111 വോട്ടും, യുഡിഎഫിന് 35455ഉം എൻഡിഎക്ക് 39596 വോട്ടുമാണ് ലഭിച്ചത്. എൽഡിഎഫിന് 21515 വോട്ടിൻ്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam