
കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങൾ ഇന്നലെ ചില വാർത്തകൾ നൽകിയത്. എന്നാൽ ശോഭ സുരേന്ദ്രൻ പറഞ്ഞ പണിയെല്ലാം എടുക്കുന്ന ആളാണെന്ന് പിന്നീട് വാർത്താസമ്മേളനത്തിൽ അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഇത്തരം വാർത്തകൾ തുടരുകയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
പാർട്ടി ഏൽപ്പിച്ച എല്ലാ ചുമതലകളും നന്നായി ചെയ്തിട്ടുണ്ട്. എല്ലാം ചെയ്തു തീർത്തുവെന്ന ആത്മവിശ്വാസമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റമുണ്ടാക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സാധാരണ പാർട്ടി പ്രവർത്തകരുടെ വിജയമാണ് തന്റെ ലക്ഷ്യം. കുത്തിത്തിരിപ്പ് ചോദ്യങ്ങൾ വേണ്ട. പാലക്കാട് മുൻസിപ്പാലിറ്റിയിൽ കഴിഞ്ഞ തവണത്തേക്കാൾ ഒരു കൗൺസിലറെ എങ്കിലും കൂടുതലായി ജയിപ്പിക്കാൻ വി ഡി സതീശനോട് പന്തയം വയ്ക്കുന്നുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. വിവാദങ്ങളിൽ മാധ്യമങ്ങളുടെ മറ്റു ചോദ്യങ്ങളോടൊന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചില്ല.
അതേസമയം, പ്രമീള വികാരപരമായി പ്രതികരിച്ചതാണെന്നായിരുന്നു സി കൃഷ്ണകുമാറിൻ്റെ പ്രതികരണം. തോൽവിയിലെ പ്രമീളയുടെ പരാമർശങ്ങളോടായിരുന്നു പ്രതികരണം. അവർക്ക് പിന്നീട് കാര്യങ്ങൾ ബോധ്യപ്പെട്ടു. നടപടിയുടെ കാര്യത്തിൽ താനല്ല തീരുമാനമെടുക്കേണ്ടത്. താൻ വ്യക്തിപരമായിട്ട് ആർക്കെതിരെയും നടപടി ആഗ്രഹിക്കുന്ന ആളല്ല. പ്രമീള പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ടെങ്കിൽ പരിശോധിക്കും, തിരുത്തും. പാലക്കാട് നിഷ്പക്ഷ വോട്ടുകൾ ലഭിച്ചിട്ടില്ല. അത് സംബന്ധിച്ച് പരിശോധനകൾ ഉണ്ടാകും. ശോഭാ സുരേന്ദ്രൻ പ്രചാരണ രംഗത്ത് സജീവമായി ഉണ്ടായിരുന്നുവെന്നും മറിച്ചുള്ള പ്രചാരണം മാധ്യമ സൃഷ്ടിയാണെന്നും കൊച്ചിയിൽ കൃഷ്ണകുമാർ പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam