
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിനെ വിമർശിച്ച് ബി ജെ പി. നാല് മാസം പൂർത്തിയാക്കിയ കോൺഗ്രസ് സർക്കാർ പിണറായി സർക്കാരിന്റെ ആവർത്തനം മാത്രമാണെന്നും ഇത് ജനങ്ങൾക്ക് വ്യക്തമായിട്ടുണ്ടെന്നും ബി ജെ പി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി ഡി സതീശൻ ഉന്നയിച്ച അഴിമതിയും ധൂർത്തും തന്നെ അദ്ദേഹം ഇപ്പോൾ ഭരണത്തിലിരുന്ന് ചെയ്തുവരികയാണെന്നും പി എസ് സി റാങ്ക് ഹോൾഡർമാരെ ഈ സർക്കാർ നോക്കുകുത്തികളാക്കി മാറ്റുകയാണെന്നും നേതാക്കൾ ആരോപിച്ചു. സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചർച്ചകൾക്ക് ശേഷം ബി ജെ പി നേതാക്കളായ എം ടി രമേശ്, എസ് സുരേഷ്, ശോഭ സുരേന്ദ്രൻ എന്നിവരാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
എസ് ഐ ആർ വിഷയത്തിലും തെരഞ്ഞെടുപ്പ് സമ്പ്രദായത്തെക്കുറിച്ചും ആവർത്തിച്ച് നുണ പ്രചരിപ്പിക്കുകയാണ് രാഹുൽ ഗാന്ധിയും കോൺഗ്രസുമെന്ന് ബി ജെ പി നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പുകൾ അസാധുവാണെങ്കിൽ കേരളത്തിൽ നടന്ന തെരഞ്ഞെടുപ്പും റദ്ദാക്കണമെന്നും അതിൽ നിന്ന് ലാഭമുണ്ടായ വി ഡി സതീശൻ എന്തുകൊണ്ട് രാജിവെക്കുന്നില്ലെന്നും ബി ജെ പി ചോദിച്ചു. സതീശന് ഒരു നിമിഷം പോലും തുടരാൻ അർഹതയില്ലെന്നും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും ബി ജെ പി പ്രക്ഷോഭം ആരംഭിക്കുമെന്നും അവർ അറിയിച്ചു. ദില്ലിയിൽ ജനാധിപത്യം തകർക്കാൻ കോൺഗ്രസ് നടത്തിയ സമരങ്ങളിൽ വിദേശ ഫണ്ടിംഗ് ഉണ്ടായിരുന്നുവെന്നും, ബി ജെ പി ഗ്യാനേഷ് കുമാറിനെയല്ല മറിച്ച് ജനാധിപത്യത്തെയാണ് സംരക്ഷിക്കുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.
സുഗതൻ കേസിൽ ഭരണമില്ലാത്തതിന്റെ അമർഷം കാരണം ഒരു സാധു മനുഷ്യനെയും ജനപ്രതിനിധിയെയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് നേതാക്കൾ വിമർശിച്ചു. അതേസമയം, മുൻ ഡി ജി പി ആർ ശ്രീലേഖ കൗൺസിലർ സ്ഥാനത്ത് രാജി പ്രഖ്യാപനം നടത്തിയ കാര്യങ്ങളൊന്നും യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും അവർ രാജി വെച്ചിട്ടില്ലെന്നും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി നേതാക്കൾ വ്യക്തമാക്കി. പാർട്ടിയിൽ യാതൊരുവിധ പ്രതിസന്ധിയുമില്ലെന്നും ബി ജെ പി നേതാക്കൾ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam