
കോഴിക്കോട് : ഒരിടവേളക്ക് ശേഷം സ്വർണ്ണക്കടത്തും കറൻസികടത്ത് കേസും വീണ്ടും ചർച്ചയാകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, കുടുംബാംഗങ്ങൾ, എം ശിവശങ്കർ, നളിനി നെറ്റോ തുടങ്ങിയ ഉദ്യോഗസ്ഥർ, മുൻ മന്ത്രി കെ ടി ജലീൽ എന്നിവർക്കെതിരെ കറസി കടത്ത് ആരോപണം സ്വപ്ന സുരേഷ് ഉന്നയിച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നാലെ സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തതോടെ വിഷയം കൂടുതൽ കലുഷിതമായി. അന്വേഷണം വേണമെന്നും കറൻസി കടത്തിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
കേസ് അട്ടിമറിക്കാനാണ് സരിത്തിനെ വിജിലൻസ് കസ്റ്റഡിയിൽ എടുത്തതെന്നാണ് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം. ബിജെപി നേതാക്കൾക്ക് കേസ് അട്ടിമറിയിൽ പങ്കുണ്ട്. മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ബി ജെ പി നേതാക്കളും കേന്ദ്ര ഏജൻസികളും ശ്രമിച്ചു. സിപിഎം- ബിജെപി ഒത്തുകളിയാണ് നടന്നത്. സ്വപ്നയുടെ ആരോപണത്തിൽ അന്വേഷണം നടക്കണം. മുഖ്യമന്ത്രിയും ശിവശങ്കറും പ്രതികൂട്ടിലാണ്. കേന്ദ്ര ഏജൻസികൾക്ക് മേൽ സമ്മർദ്ദം ഉണ്ടായി. ഇതിൽ ബിജെപി കേന്ദ്ര നേതൃത്വം മറുപടി പറയണം. ഏറ്റവും നല്ല ഏജൻസികളാണ് നമുക്ക് ഉള്ളത്. അവരെ തെറ്റിദ്ധരിക്കാനാവില്ല. അവരെ സ്വതന്ത്രമായി അന്വഷണം നടത്താൻ അനുവദിച്ചില്ല. സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കുമോയെന്ന് ആദ്യം തന്നെ ആശങ്ക ഉണ്ടായിരുന്നു. കേന്ദ്ര ഏജൻസികൾ അന്വേഷണം നടക്കുന്നതിനിടെ സെക്രട്ടേറിയേറ്റിൽ തീപിടുത്തം ഉണ്ടായി. ഇത് കേസ് അട്ടിമറിക്കാനായിരുന്നു. പ്രധാന തെളിവുകൾ നഷ്ടപ്പെട്ടു. ഇനി കേന്ദ്ര ഏജൻസികൾ എങ്ങനെ കേസ് തെളിയിക്കുമെന്നും മുല്ലപ്പള്ളി ചോദിച്ചു.
വിജിലൻസ് പിടിച്ചെടുത്ത സരിത്തിന്റെ ഫോണിൽ എന്ത്? ഫോറൻസിക് പരിശോധനക്ക് അയക്കും
അതേ സമയം, ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ മുഖ്യമന്ത്രിക്കെതിരെ കൂടുതൽ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് സ്വപ്ന സുരേഷ് നടത്തിയത്. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരൺ എന്ന പേരിലൊരാൾ തന്നെ വന്ന് കണ്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നും, പറഞ്ഞ കാര്യങ്ങളൊന്നും തിരുത്തിപ്പറഞ്ഞില്ലെങ്കിൽ കാലങ്ങളോളം ജയിലിൽ കിടക്കേണ്ടി വരുമെന്നും, കുട്ടികൾ ഒറ്റയ്ക്കാവുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയെന്നും ഹർജിയിൽ സ്വപ്ന സുരേഷ് പറയുന്നു.
രഹസ്യമൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഇന്ന് രാവിലെ പത്ത് മണിയോടെ പിൻവലിക്കണം. ഇത് പിൻവലിച്ചുകൊണ്ട് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ താനിതിന് തയ്യാറാകാതിരുന്നതോടെ, തന്നെ വളരെ രൂക്ഷമായ ഭാഷയിൽ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന പറയുന്നു. ഇയാൾ പറഞ്ഞതിന്‍റെ ഒരു ഭാഗം താൻ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും, അത് കോടതിയിൽ ഹാജരാക്കാൻ തയ്യാറാണെന്നും സ്വപ്ന ഹർജിയിൽ പറയുന്നു.
കെ പി യോഹന്നാന്‍റെ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് താനെന്ന് പരിചയപ്പെടുത്തിയാണ് ഷാജി കിരൺ വന്നതെന്ന് ഹർജിയിൽ സ്വപ്ന സുരേഷ് വെളിപ്പെടുത്തുന്നു. കെ പി യോഹന്നാന്‍റെ സംഘടനയുടെ ഡയറക്ടറാണ് ഇയാളെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. ജൂൺ എട്ടാം തീയതി, അതായത് ഇന്നലെയാണ് ഇയാൾ വന്നത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാളെത്തിയത്. യുപി റജിസ്ട്രേഷനിലുള്ള ടൊയോട്ട കാറിലാണ് ഷാജി കിരൺ വന്നത്. യുപി - 41 ആർ 0500 എന്ന നമ്പറിലുള്ള കാറിലാണ് ഇയാളെത്തിയത് എന്നാണ് ഹർജിയിൽ സ്വപ്ന ആരോപിക്കുന്നത്. എം ശിവശങ്കറാണ് തന്നെ ഇയാളെ ഇതിന് മുമ്പ് പരിചയപ്പെടുത്തിയത്. പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും അടുത്ത ബന്ധമുണ്ടെന്നാണ് ഇയാൾ അവകാശപ്പെട്ടത്. ഇവരുടെ ചില നിക്ഷേപങ്ങൾ ഇയാളാണ് കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞു. ഒപ്പം മുഖ്യമന്ത്രി പറഞ്ഞിട്ടാണ് താൻ വന്നതെന്നാണ് ഷാജി കിരൺ പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam