പൊലീസാണോ ഗുണ്ടകളാണോ വരുന്നതെന്ന് അറിയില്ല. ജീവനിൽ ഭയമുണ്ട്. പരിഭ്രാന്തിയോടെയാണ് താനും സ്വപ്നയും കഴിയുന്നതെന്നും സരിത് പറഞ്ഞു
തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ ഇന്ന് തന്നെ രാവിലെ വിജിലൻസ് സംഘം കസ്റ്റഡിയെലെടുത്ത സംഭവത്തിൽ പ്രതികരണവുമായി സരിത്ത്. രാവിലെ അപ്രതീക്ഷിതമായാണ് വിജിലൻസ് സംഘം വീട്ടിലെത്തിയതെന്നും മൊബൈൽ ഫോൺ എവിടെയെന്ന് ചോദിച്ച് അത് തട്ടിപ്പറിച്ചുവെന്നും സരിത്ത് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ പറഞ്ഞു. പൊലീസാണോ ഗുണ്ടകളാണോ വരുന്നതെന്ന് അറിയില്ല. ജീവനിൽ ഭയമുണ്ട്. പരിഭ്രാന്തിയോടെയാണ് താനും സ്വപ്നയും കഴിയുന്നതെന്നും സരിത് പറഞ്ഞു.
'രാവിലെ വന്ന് ബെല്ലടിച്ചു. ഡോർ തുറന്നപ്പോ മൂന്ന് പേരുണ്ടായിരുന്നു. സരിത്താണോ, ഫോണെവിടെ എന്ന് ചോദിച്ചു. എന്താണെന്ന് ചോദിച്ചപ്പോൾ വിജിലൻസിൽ നിന്നാണെന്ന് പറഞ്ഞു. പിന്നീട് മൊബൈലിൽ ചാടിപ്പിടിച്ചു. കൂടെ വരണം എന്ന് പറഞ്ഞു. പിന്നെ ബലം പ്രയോഗിച്ച് താഴെ കാറിൽ കൊണ്ടുപോയി കയറ്റുകയായിരുന്നു. ഞങ്ങൾ വിജിലൻസാണ് വിജിലൻസാണ് എന്ന് അവർ പറയുന്നുണ്ടായിരുന്നു. എന്നാൽ അതല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഇവർ ഗുണ്ടകളാണോയെന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്നും' സരിത്ത് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഏതൊക്കെയോ വഴിയിൽ കൂടി കയറി പാലക്കാട് വിജിലൻസ് ഓഫീസിൽ എത്തിയപ്പോഴാണ് ആശ്വാസമായത്. അപ്പോഴാണ് പൊലീസാണെന്ന് ഉറപ്പായത്. ഫ്ലാറ്റിന് മുന്നിൽ നല്ല ബലപ്രയോഗം നടന്നു. അവിടെ വെച്ചാണ് കൈക്ക് പരിക്കേറ്റത്. സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തില്ലെങ്കിൽ കാണും. റിലീസായ ശേഷം ആശുപത്രിയിൽ പോയി കൈക്ക് ബാന്റേജ് ഇട്ടു. വല്ലാത്തൊരു അനുഭവമായി പോയി.'- സരിത് പറഞ്ഞു.

'വീട്ടിനകത്തുള്ളവരോട് വിവരം പറയാൻ പോലും അനുവദിച്ചില്ല. എന്നെ കൊണ്ടുപോയത് വീട്ടിലുണ്ടായിരുന്ന ആരും അറിഞ്ഞില്ല. സിനിമയിലൊക്കെ കാണുന്നത് പോലെ മൂന്ന് പേർ ചേർന്ന് വളഞ്ഞുവെക്കുന്നു, ഫോൺ പിടിച്ചെടുക്കുന്നു. പെട്ടെന്ന് ഷോക്കായിപ്പോയി. വീട്ടിൽ സ്വപ്ന ഉണ്ടായിരുന്നില്ല. സ്വപ്നയുടെ മകനും സഹായത്തിന് നിൽക്കുന്ന ഒരാളുമാണ് ഉണ്ടായിരുന്നത്. ബഹളം കേട്ട് ഫ്ലാറ്റിലെ എല്ലാവരും വന്ന് നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു. കുറേപ്പേർ വന്ന് തട്ടിക്കൊണ്ടുപോയെന്നാണ് പിന്നീട് വന്ന സ്വപ്നയ്ക്ക് മനസിലായത്.'
'സ്വപ്നയോട് എങ്ങിനെയാണ് വിവരം അറിഞ്ഞതെന്ന് ചോദിച്ചിട്ടില്ല. വിജിലൻസ് ഓഫീസിൽ ഒഴിഞ്ഞ റൂമിലാണ് തന്നെ ഇരുത്തിയത്. എന്തിനാണ് പാലക്കാട് വന്നതെന്നൊക്കെ ചോദിച്ച ശേഷം സ്വപ്ന സുരേഷ് എന്തുകൊണ്ടാണ് കോടതിയിൽ കൊടുത്തത്, എന്താണ് അവിടെ കൊടുത്തത്, ആരാണ് ഇതിന് പിന്നിൽ എന്നൊക്കെ ചോദിച്ചു. എന്ത് കേസിനാണ് എന്നെ അവിടെ കൊണ്ടുവന്നതെന്ന് ഞാൻ ചോദിച്ചു. ലൈഫ് മിഷൻ കേസിലാണെന്ന് പറഞ്ഞു. ജയിലിൽ വെച്ച് വിജിലൻസ് ഈ കേസിൽ എന്റെ മൊഴിയെടുത്തിരുന്നു. എന്നാൽ പിന്നെ നോട്ടീസ് നൽകിയില്ല. ഇന്ന് കൊണ്ടുപോയ ശേഷം 17ാം തീയതി തിരുവനന്തപുരത്ത് ഹാജരാകാനും മൊബൈൽ കണ്ടുകെട്ടിയതിന്റെയും നോട്ടീസ് തന്നു. ലൈഫ് മിഷനെ കുറിച്ച് ഒരു ചോദ്യവും ചോദിച്ചില്ല. ഇന്നലെയും മിനിഞ്ഞാന്നും സ്വപ്ന കൊടുത്ത മൊഴിയെ കുറിച്ചാണ് ചോദിച്ചത്. എന്തുകൊണ്ട് പറഞ്ഞു, ആരാണ് നിങ്ങൾക്ക് സപ്പോർട്ട് എന്നൊക്കെയാണ് ചോദിച്ചത്. ലൈഫ് മിഷനെ കുറിച്ചാണ് അറിയേണ്ടതെങ്കിൽ ലൈഫ് മിഷന്റെ സമയത്ത് ഞാനുപയോഗിച്ച ഫോൺ എൻഐഎയുടെ കൈയ്യിലുണ്ട്. ആ നമ്പർ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.'
'ആ ഫോണിൽ എന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടുമുള്ള ചാറ്റുകളാണ് ഉള്ളത്. ഇവർക്ക് ആവശ്യമുള്ളത് വല്ലതും ഉണ്ടോയെന്ന് അറിയില്ല. രണ്ട് മൂന്ന് മണിക്കൂർ കസ്റ്റഡിയിൽ വെച്ചെങ്കിലും കാര്യമായി ഒന്നും ചോദിച്ചില്ല. അവർ കംപ്ലീറ്റ് ഫോണുമായാണ് പോയത്. പിന്നീട് ഫോൺ കണ്ടുകെട്ടുകയാണെന്ന് പറഞ്ഞു. വണ്ടിയിൽ വെച്ച് വിജിലൻസിൽ നിന്നാണെന്ന് മാത്രമാണ് പറഞ്ഞത്. എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നതെന്നോ എന്തിനാണ് കൊണ്ടുപോകുന്നതെന്നോ പറഞ്ഞില്ല.'
'ആ ഫോണിൽ എന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടുമുള്ള ചാറ്റുകളാണ് ഉള്ളത്. ഇവർക്ക് ആവശ്യമുള്ളത് വല്ലതും ഉണ്ടോയെന്ന് അറിയില്ല. രണ്ട് മൂന്ന് മണിക്കൂർ കസ്റ്റഡിയിൽ വെച്ചെങ്കിലും കാര്യമായി ഒന്നും ചോദിച്ചില്ല. അവർ കംപ്ലീറ്റ് ഫോണുമായാണ് പോയത്. പിന്നീട് ഫോൺ കണ്ടുകെട്ടുകയാണെന്ന് പറഞ്ഞു. വണ്ടിയിൽ വെച്ച് വിജിലൻസിൽ നിന്നാണെന്ന് മാത്രമാണ് പറഞ്ഞത്. എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നതെന്നോ എന്തിനാണ് കൊണ്ടുപോകുന്നതെന്നോ പറഞ്ഞില്ല.'

'കോടതിയുടെ സംരക്ഷണം കിട്ടാനാണ് സ്വപ്ന കോടതിയിൽ മൊഴി കൊടുത്തത്. അവർക്ക് പലയിടത്ത് നിന്നും ഭീഷണിയുണ്ട്. വധഭീഷണിയെ കുറിച്ച് ഒരു അന്വേഷണം തീർച്ചയായിട്ടും വേണ്ടിവരും. സ്വപ്ന മൊഴി കൊടുത്തത് ജീവന് ഭീഷണിയുള്ളത് കൊണ്ടാണ്. കോടതി മുഖാന്തിരം സുരക്ഷ കിട്ടുമെന്ന് മനസിലാക്കിയാണ് അങ്ങോട്ട് പോയത്. പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കസ്റ്റംസിലും കോടതിയിലും എല്ലാം പറഞ്ഞിട്ടുള്ളതാണ്. അതിൽ കൂടുതൽ എന്തെങ്കിലും ഉണ്ടോയെന്ന് തനിക്കറിയില്ല. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ എല്ലാം മുൻപേ അന്വേഷണ സംഘങ്ങളോടും കോടതിയോടും പറഞ്ഞത് തന്നെയാണ്,' - സരിത്ത് പറഞ്ഞു.
'താമസ സ്ഥലത്ത് ബഹളം ഉണ്ടായത് കൊണ്ട് അവിടെ താമസിക്കുന്നവർ മാറണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് പേടിയായി. വണ്ടി വന്ന് നിൽക്കുക, ബെല്ലടിച്ച് ആള് വന്ന് കേറുക. എനിക്ക് മനസിലാവുന്നില്ല എന്താണെന്ന്. വീണ്ടും അറസ്റ്റ് ചെയ്യുമെന്ന് കരുതുന്നുണ്ട്. ഇന്ന് രാവിലത്തെ സംഭവത്തോടെ ഉണ്ടായിരുന്ന ധൈര്യം ഒക്കെ പോയി. ഞങ്ങൾ രണ്ട് ചെറിയ രണ്ട് ആൾക്കാരാണ്, ഞാനും സ്വപ്നയും. അവർ ഒരു വലിയ സ്റ്റേറ്റാണ്.'- സരിത്ത് പറഞ്ഞു.

