
മലപ്പുറം: മത വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങൾ നിർത്താൻ ഭാവമില്ലെന്നാണ് പ്രവാചകനെ നിന്ദിച്ചതിലൂടെ ബിജെപി (BJP) തെളിയിച്ചു കൊണ്ടിരിക്കുന്നതെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി(PK Kunhalikutty) . പ്രവാചകനെതിരെയുള്ള ബിജെപി നേതാക്കളുടെ പരാമർശങ്ങളിലൂടെ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ മതേതര മുഖം വികൃതമായിരിക്കുകയാണ്. ആഗോളതലത്തിൽ ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
ബിജെപി നേതാക്കളുടെ പ്രസ്താവനയെ തുടർന്നുണ്ടായ ലഹളയുടെ ഭാഗമായി മുസ്ലിം വിഭാഗത്തിനെതിരെ മാത്രം ഏകപക്ഷീയമായി പൊലീസ് കേസെടുക്കുകയാണ് ചെയ്തത്. ലഹളക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നില്ലെന്ന് മാത്രമല്ല, കള്ളക്കേസിൽ കുടുക്കിയ മുസ്ലീങ്ങളുടെ വീടുകൾ പൊളിച്ച് നീക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതൊക്കെ തികച്ചും അന്യായവും ജനാധിപത്യ വിരുദ്ധവുമാണ്. ലഹളക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
പി കെ കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
മത വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങൾ നിർത്താൻ ഭാവമില്ലെന്നാണ് പ്രവാചകനെ നിന്ദിച്ചതിലൂടെ ബി.ജെ.പി തെളിയിച്ചു കൊണ്ടിരിക്കുന്നത്. പ്രവാചകനെതിരെയുള്ള ബി.ജെ.പി നേതാക്കളുടെ പരാമർശങ്ങളിലൂടെ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ മതേതര മുഖം വികൃതമായിരിക്കുകയാണ്. ആഗോളതലത്തിൽ ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയെ തുടർന്നുണ്ടായ ലഹളയുടെ ഭാഗമായി മുസ്ലിം വിഭാഗത്തിനെതിരെ മാത്രം ഏകപക്ഷീയമായി പോലീസ് കേസെടുത്തിരിക്കുകയാണ്. ലഹളക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നില്ലെന്ന് മാത്രമല്ല കള്ളക്കേസിൽ കുടുക്കിയ മുസ്ലിംകളുടെ വീടുകൾ പൊളിച്ച് നീക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
ഇതൊക്കെ തികച്ചും അന്യായവും ജനാധിപത്യ വിരുദ്ധവുമാണ്.
ലഹളക്ക് കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.
ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് വർദ്ധിച്ച് വന്നിട്ടുള്ള വെറുപ്പിന്റെ രാഷ്ട്രീയം ലോക രാജ്യങ്ങൾ നിരീക്ഷിച്ച് വരുന്നുണ്ട്. രാജ്യത്ത് നടക്കുന്ന മുനഷ്യാവകാശ ധ്വംസനത്തിലും മതസ്വാതന്ത്ര്യങ്ങൾ നിഷേധിക്കപ്പെടുന്നതിലും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ നേരത്തെ തന്നെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ജനാധിപത്യ മതേതര സൂചികയിലും രാജ്യം ഏറെ പിറകോട്ട് പോയതായി ആഗോള ഏജൻസികളുടെ കണക്കുകൾ സൂചിപ്പിക്കുന്നുമുണ്ട്.
1991-ലെ ആരാധനാലയ നിയമം നിലനിൽക്കേ വിവിധ മസ്ജിദുകൾ കൈയ്യേറാൻ ശ്രമിക്കുന്നതും മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ ബുൾഡോസർ രാഷ്ട്രീയം പ്രയോഗിക്കുന്നതും ബി.ജെ.പി തുടരുന്ന വെറുപ്പിന്റെ സ്വഭാവമുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്.
ജനാധിപത്യ മതേതര മാർഗത്തിലൂടെയുള്ള പ്രതിഷേധവും, പോരാട്ടവുമാണ് ഇതിനെതിരെയുള്ള പ്രതിരോധ മാർഗം. മതേതര കക്ഷികൾ ഒറ്റക്കെട്ടായി നിന്ന് ഈ പോരാട്ടം നയിക്കണം.
നബിവിരുദ്ധ പ്രസ്താവന: തിരിച്ചടി മറികടക്കാനുള്ള നീക്കവുമായി ഇന്ത്യ, അറബ് രാജ്യങ്ങളോട് കാര്യങ്ങൾ വിശദീകരിക്കും
ദില്ലി: ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവന രാജ്യാന്തര രംഗത്തുണ്ടാക്കിയ തിരിച്ചടി മറികടക്കാൻ തിരക്കിട്ട നീക്കവുമായി ഇന്ത്യ. അറബ് മേഖലയിലെ സുഹൃദ് രാജ്യങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടന ഇക്കാര്യത്തിൽ നടത്തിയ അഭിപ്രായപ്രകടനം ചിലരുടെ പ്രേരണ കൊണ്ടെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
നുപുർ ശർമ്മ, നവീൻ കുമാർ ജിൻഡാൽ എന്നീ ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവനയിൽ ഖത്തർ, കുവൈറ്റ്, ഇറാൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യൻ അംബാസഡർമാരെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചത്. ഇന്ന് പാകിസ്ഥാനും ഇക്കാര്യത്തിൽ പ്രതിഷേധം അറിയിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി. യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ കൂടി ഉൾപ്പെട്ട ഗൾഫ് സഹകരണ കൗൺസിലും പ്രസ്താവന പുറത്തിറക്കി. മാലിദ്വീപിൽ പ്രതിപക്ഷം ഇന്ത്യയ്ക്കെതിരെ പാർലമെൻറിൽ പ്രമേയം കൊണ്ടു വന്നു. 57 ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന നീക്കങ്ങളുടെ തുടർച്ചയാണ് പ്രസ്താവനയെന്ന് കുറപ്പെടുത്തി.
ഒഐസിയുടെ നിലപാട് തള്ളിയ വിദേശകാര്യമന്ത്രാലയം ഇന്ത്യയ്ക്ക് എല്ലാ മതങ്ങളോടും ഒരു പോലെ ബഹുമാനമാണെന്ന് വ്യക്തമാക്കി. രണ്ടു വ്യക്തികളുടെ നിലപാട് ഇന്ത്യയുടെ നിലപാടല്ല. ഇവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ചിലരുടെ പ്രേരണ കൊണ്ടാണ് ഒഐസി പ്രസ്താവനയെന്നു വിദേശകാര്യമന്ത്രാലയം പറയുന്നു.
പാകിസ്ഥാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ പ്രേരണയിലാണ് ഒഐസിയുടെ ഇന്ത്യാവിരുദ്ധ നിലപാടെന്നാണ് വിദേശകാര്യമന്ത്രാലയം കരുതുന്നത്. അമേരിക്ക കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎഇ പോലുള്ള രാജ്യങ്ങൾ. ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി ഇവർ നിരോധിച്ചാൽ അത് കനത്ത തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ സുഹൃദ് രാജ്യങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ വിദേശകാര്യന്ത്രാലയം നയതന്ത്രപ്രതിനിധികൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.
ഗ്യാൻവാപി പോലുള്ള വിഷയങ്ങൾ ഇന്ത്യയിൽ സജീവമാകുമ്പോഴാണ് അറബ് ലോകം ശക്തമായ നിലപാട് സ്വീകരിക്കുന്നത്. അറബ് രാജ്യങ്ങളുമായി നല്ല ബന്ധം അവകാശപ്പെടുന്ന നരേന്ദ്ര മോദി സർക്കാരിന് ഇപ്പോഴത്തെ സംഭവങ്ങൾ വലിയ സമ്മർദ്ദമാകുകയാണ്.