
പത്തനംതിട്ട: പത്തനംതിട്ടയിൽ കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി പ്രവർത്തകർ. നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷൻ അവാർഡ് ദാന പരിപാടിക്കിടെയാണ് സംഭവം. ഇത്തവണം പുരസ്കാരം കുരീപ്പുഴയ്ക്കായിരുന്നു. പത്തനംതിട്ട ടൗൺ ഹാളിൽ വച്ച് നിരൂപകൻ ഡോ.കെ.എസ്. രവികുമാറാണ് അവാർഡ് നൽകിയത്. കുരീപ്പുഴയുടെ മറുപടി പ്രസംഗത്തിടെയാണ് ബിജെപി പ്രവർത്തകർ തടസ്സവുമായി എത്തിയത്. പരിപാടിയിൽ രാഷ്ട്രീയം പറയേണ്ടെന്ന് ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ, തന്റെ കവിത രാഷ്ട്രീയ കവിതയാണെന്നും രാഷ്ട്രീയം പറയുമെന്നും കുരീപ്പുഴയും മറുപടി നൽകി.
ഇതോടെ തർക്കമുണ്ടായി. ഒടുവിൽ സംഘാടകർ ഇടപെട്ടു. സദസിൽ ഉണ്ടായിരുന്ന ബിജെപി മുൻ ജില്ലാ പ്രസിഡന്റ് പ്രതാപചന്ദ്രവർമ്മയുടെ നേതൃത്വത്തിലാണ് പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചതെന്ന് ആരോപണമുയർന്നു. കുംഭമേള വൈറൽ താരത്തിന് വിവാഹം കഴിയ്ക്കാൻ കേരളത്തിൽ എത്തേണ്ടി വന്നുവെന്ന് പ്രസംഗത്തിൽ കുരീപ്പുഴ പറഞ്ഞതെടെയാണ് ബിജെപി പ്രവർത്തകർ എതിർപ്പുമായി എത്തിയത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ രംഗത്തെത്തി. കേരളത്തിന്റെ സാംസ്കാരികമുഖമായ കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തിയ സംഘപരിവാർ അനുകൂലികളുടെ നടപടി അത്യന്തം അപലപനീയമാണെന്ന് ഡിവൈഎഫ്ഐ നേതാവ് വി.എസ്. സനോജ് വ്യക്തമാക്കി. സാഹിത്യ-സാംസ്കാരികപ്രവർത്തകരെ നിശബ്ദരാക്കാനും ഇല്ലാതാക്കാനും ഇന്ത്യയിലെ ഇതരഭാഗങ്ങളിൽ നടത്തിയ നീക്കം കേരളത്തിലും പയറ്റാൻ ശ്രമിക്കുകയാണ് സംഘപരിവാരം. കേരളം ജാതിമതഭേദമെന്യേ എല്ലാ മനുഷ്യർക്കും ജീവിക്കാൻ കൊള്ളാവുന്ന ഇടമാണ് എന്നു പറഞ്ഞതാണ് അവരെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam