
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പടുത്തിരിക്കെ എയിംസ് പാലക്കാട്ടേക്ക് കൊണ്ടുവരാൻ നീക്കവുമായി ബിജെപി സംസ്ഥാനനേതൃത്വം. ഇതിനായി പാലക്കാട് ജില്ലാ നേതൃത്വം കേന്ദ്രസർക്കാറിനെ സമീപിച്ചു. നിലവിൽ എയിംസിനായി സംസ്ഥാനസർക്കാർ സ്ഥലം കണ്ടെത്തിയത് കോഴിക്കോട് കിനാലൂരിലാണ്
സ്വന്തമായി ഒരു എയിംസ് എന്നത് സംസ്ഥാനത്തിന്‍റെ ദീർഘനാളായുള്ള ആവശ്യമാണ്. കോഴിക്കോട് കിനാലൂരിലാണ് സംസ്ഥാനസർക്കാർ എയിംസിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത് . കേന്ദ്രം പദ്ധതിക്ക് പച്ചക്കൊടി വീശിക്കഴിഞ്ഞാൽ ഭൂമി ഏറ്റെടുക്കലടക്കമുള്ള മറ്റു നടപടികളിലേക്ക് കടക്കുമെന്നും സംസ്ഥാനസർക്കാർ സൂചിപ്പിച്ചിട്ടുണ്ട് . എന്നാൽ കോഴിക്കോടു നിന്നും എയിംസ് പാലക്കാടേക്ക് മാറ്റാൻ കേന്ദ്രസർക്കാറിൽ സമ്മർദ്ദം ചെലുത്താനൊരുങ്ങുകയാണ് സംസ്ഥാന ബിജെപി നേതൃത്വം. ബിജെപി പാലക്കാട് ജില്ലാ നേതൃത്വം ഇതിനായി കേന്ദ്രത്തെ കണ്ടുകഴിഞ്ഞു.പാലക്കാട് ജില്ലയുടെ ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥ. അട്ടപ്പാടി പോലുള്ള പാർശ്വവത്കൃതമേഖലകളുടെ സാന്നിധ്യം , ഇതരസംസ്ഥാനത്ത് നിന്നും ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള സൌകര്യം എന്നിവയാണ് പാലക്കാട് എയിംസ് സ്ഥാപിക്കാനായി ബിജെപി മുന്നോട്ട് വെക്കുന്നപ്രധാന വാദങ്ങൾ
കോഴിക്കോട് നിന്നുള്ള തലമുതിർന്ന സിപിഎം നേതാക്കളുടെ താത്പര്യത്തിന് വഴങ്ങിയാണ് സംസ്ഥാനസർക്കാർ കിനാലൂരിൽ എയിംസ് കൊണ്ടുവരാനൊരുങ്ങുന്നത് എന്ന് ബിജെപി ആരോപിക്കുന്നു. കേന്ദ്രം എയിംസ് അനുവദിച്ചാലും എവിടെ സ്ഥാപിക്കണമെന്നതിലെ അന്തിമതീരുമാനം സംസ്ഥാനസർക്കാറിൽ നിക്ഷിപ്തമായിരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam