കുറ്റ്യാടിയിൽ ഉണ്ടായത് സ്നേഹത്തള്ളലാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ. ഷാഫിക്ക് ഒരു നീരസവും ഉണ്ടായിട്ടില്ലെന്നും മാധ്യമങ്ങൾ യാത്രയുടെ പോസിറ്റീവ് വശം ചർച്ച ചെയ്യണമെന്നും പ്രവീൺ കുമാർ പ്രതികരിച്ചു.
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കുറ്റ്യാടിയിൽ എത്തിയപ്പോഴുണ്ടായ പിടിവലിയെ ന്യായീകരിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ. ഉണ്ടായത് സ്നേഹത്തള്ളലാണ് എന്നാണ് പ്രവീൺ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഷാഫിക്ക് ഒരു നീരസവും ഉണ്ടായിട്ടില്ലെന്നും മാധ്യമങ്ങൾ യാത്രയുടെ പോസിറ്റീവ് വശം ചർച്ച ചെയ്യണമെന്നും അദ്ദേഹം പ്രതികരിച്ചു. കുറ്റ്യാടിയിലെ സ്റ്റേജിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ എത്തിയെന്നും പ്രവീൺ കുമാർ സമ്മതിക്കുന്നു. പിന്നീടുള്ള സ്റ്റേജുകളിൽ അത് നിയന്ത്രിച്ചെന്നും വലിയ ജനാധിപത്യ പാർട്ടിൽ അങ്ങനെയൊക്കെ സംഭവിക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഒരാളും വീണിട്ടില്ലെന്നും പ്രവീൺ കുമാർ കൂട്ടിച്ചേർത്തു.
പുതുയുഗ യാത്രയിൽ കോഴിക്കോട് കുറ്റ്യാടിയിൽ ഷാഫി പറമ്പിലിനെ ആദ്യം സംസാരിക്കാൻ ക്ഷണിക്കാതിരുന്നതിനെ തുടർന്നാണ് ഉന്തും തള്ളുമുണ്ടായത്. സ്ഥലം എംപിയായ തന്നെ ജാഥാ നായകന് മുമ്പ് സംസാരാക്കാൻ വിളിക്കാത്തതാണ് ഷാഫിയെ ചൊടിപ്പിച്ചത്. എം കെ രാഘവൻ, പാറക്കൽ അബ്ദുള്ള, അടൂർ പ്രകാശ് എന്നിവർ സംസാരിച്ചതിന് പിന്നാലെ സ്വാഗത പ്രാസംഗികനായ ഡിസിസി സെക്രട്ടറി, ജാഥാ ക്യാപ്റ്റൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ സംസാരിക്കാനായി ക്ഷണിച്ചത് മുതലാണ് തർക്കം തുടങ്ങുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. ഈ സമയത്ത് ഷാഫി പറമ്പിൽ സംസാരിക്കണമെന്ന് സദസിൽ നിന്ന് ആവശ്യമുയർന്നു. ഇതോടെ ഷാഫിയെ ക്ഷണിക്കാൻ പ്രമോദ് കക്കട്ടിൽ ശ്രമിച്ചെങ്കിലും ഷാഫി തടഞ്ഞു. സതീശന്റെ പ്രസംഗത്തിന് ശേഷം പ്രമോദ് ഷാഫിയെ ക്ഷണിക്കാനെത്തിയപ്പോഴും ഷാഫി തടയാൻ ശ്രമിച്ചു. ഇതിനിടെ മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ താഴെ വീണു. അധികമൊന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ ഷാഫി, 100 സീറ്റ് എണ്ണുമ്പോൾ അതിൽ കുറ്റ്യാടിയുമുണ്ടാകുമെന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചു.


