
തിരുവനന്തപുരം: നിയസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ സംസ്ഥാന ബിജെപിയിൽ (BJP Kerala) നേതൃമാറ്റം ഉണ്ടാകില്ലെന്ന് ആവർത്തിച്ച് കേന്ദ്ര നേതൃത്വം. സംസ്ഥാന ഭാരവാഹിയോഗത്തിലാണ് സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് (BL Santhosh) കെ.സുരേന്ദ്രനുള്ള (K.Surendran) പിന്തുണ വ്യക്തമാക്കിയത്. അതേ സമയം ശോഭാ സുരേന്ദ്രൻ (Shobha surendran), എഎൻ രാധാകൃഷ്ണൻ (AN Radhakrishnan), എംടി രമേശ് (MT ramesh) എന്നീ നേതാക്കൾ ഇന്നത്തെ യോഗത്തിലും എത്തിയില്ല.
നിയമസഭ തെരഞ്ഞെടുപ്പിലെ സമ്പൂർണ്ണ തോൽവിക്ക് പിന്നാലെയുണ്ടായ നേതൃമാറ്റ ആവശ്യം ദേശീയ നേതൃത്വം നേരത്തെ തള്ളിയതാണ്. സുരേന്ദ്രനെ തുണച്ചു എന്ന് മാത്രമല്ല, പുന:സംഘടനയിൽ സുരേന്ദ്രന് പൂർണ്ണ സ്വാതന്ത്രവും നൽകി. ഇതിലുള്ള അതൃപ്തി പുകയുന്നതിനിടെയാണ് നേതൃമാറ്റത്തിൻറെ ആവശ്യമില്ലെന്ന് ബിഎൽ സന്തോഷ് ഭാരവാഹിയോഗത്തിൽ വ്യക്തമാക്കിയത്. നേതൃമാറ്റത്തിനായി നീക്കം നടത്തിയ പികെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കളെ സാക്ഷിയാക്കിയായിരുന്നു ദേശീയ നേതൃത്വം സുരേന്ദ്രനൊപ്പമാണെന്നുള്ള പ്രഖ്യാപനം.
അതേസമയം സംഘടനാ വിഷയങ്ങളിലെ ചർച്ച വന്നപ്പോൾ കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾ പരാതി ഉന്നയിച്ചതുമില്ല. എന്നാൽ കൃഷ്ണദാസ് പക്ഷത്തെ മുതിർന്ന നേതാക്കളായ എഎൻ രാധാകൃഷ്ണനും എംടി രമേശും പിന്നെ വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രനും സുരേന്ദ്രനോടുള്ള പ്രതിഷേധ സൂചകമായി ഇന്നും യോഗത്തിനെത്തിയില്ല. സംഘടനാ ജനറൽ സെക്രട്ടറി നേരിട്ട് പങ്കെടുത്ത യോഗത്തിൽ നിന്നും മുതിർന്ന നേതാക്കൾ കാരണമറിയിക്കാതെ വിട്ടുനിന്നത് ബിജെപി സംസ്ഥാന ഘടകത്തിലെ ഭിന്നതയുടെ തെളിവാണ്. പ്രതിഷേധത്തിലുള്ള നേതാക്കളെല്ലാം കൂട്ടത്തോടെ വിട്ടുനിന്നാൽ കേന്ദ്രനേതൃത്വം അതിനെ അതീവഗൗരവത്തോടെ കാണുമെന്നതിനാലാണ് കൃഷ്ണദാസ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തതെന്നാണ് സൂചന.
കേന്ദ്രമന്ത്രി വി.മുരളീധരൻ്റെ ഉറച്ച പിന്തുണയാണ് കെ.സുരേന്ദ്രൻ്റെ പ്രധാനബലം. സുരേന്ദ്രനെ വെല്ലുവിളിച്ച് പാർട്ടിക്കുള്ളിൽ ഏറെ നാളായി ശോഭാ സുരേന്ദ്രനുണ്ടെങ്കിലും അവരുടെ പ്രതിഷേധം പാർട്ടി ഗൗരവത്തോടെയല്ല എടുക്കുന്നത്. കൊടകര കേസടക്കം നിരന്തരം വിവാദങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയും നേരിട്ടിടും കെ.സുരേന്ദ്രനെ മാറ്റാനോ തിരുത്താനോ നടപടിയില്ലാത്തതാണ് മുതിർന്ന നേതാക്കളായ എ.എൻ.രാധാകൃഷ്ണനയേയും എം.ടി.രമേശിനേയും പ്രകോപിപ്പിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam