വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം; മാപ്പ് പറയേണ്ടത് വിസിമാരല്ല, മുഖ്യമന്ത്രിയാണ് മാപ്പ് പറയേണ്ടത്: രാജീവ് ചന്ദ്രശേഖർ

Published : Jun 14, 2026, 09:00 PM IST
rajeev chandrasekhar

Synopsis

മാപ്പ് പറയേണ്ടത് വിസിമാരല്ലെന്നും മുഖ്യമന്ത്രിയാണ് മാപ്പ് പറയേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സതീശന്റേത് രാഷ്ട്രീയ കാപട്യമാണെന്നും ബിജെപി അധ്യക്ഷൻ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മാപ്പ് പറയേണ്ടത് വിസിമാരല്ലെന്നും മുഖ്യമന്ത്രിയാണ് മാപ്പ് പറയേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സതീശന്റേത് രാഷ്ട്രീയ കാപട്യമാണെന്നും ബിജെപി അധ്യക്ഷൻ കുറ്റപ്പെടുത്തി. വാര്‍ത്താക്കുറിപ്പാണ് രാജീവ് ചന്ദ്രശേഖര്‍ പ്രതികരണമറിയിച്ചത്.

വാര്‍ത്താക്കുറിപ്പ്

ജമാഅത്തെ ഇസ്ലാമിക്കും എസ്‍ഡിപിഐക്കും മുന്നിൽ കേരളത്തെ അടിയറവ് വച്ച മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആദ്യം കേരള ജനതയോട് മാപ്പ് പറയേണ്ടത്: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തതിന്റെ പേരിൽ വിവാദമുണ്ടാക്കുകയും അവർക്ക് മതനിരപേക്ഷതയെക്കുറിച്ച് ക്ലാസെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട് കടുത്ത രാഷ്ട്രീയ കാപട്യത്തിന്റെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മതനിരപേക്ഷതയെക്കുറിച്ച് വൈസ് ചാൻസലർമാരെ ഉപദേശിക്കാൻ ഇറങ്ങുന്ന മുഖ്യമന്ത്രി, തന്റെ സർക്കാർ അധികാരത്തിലെത്തിയത് ജമാഅത്തെ ഇസ്ലാമിയുടെയും എസ്‍ഡിപിഐയുടെയും പിന്തുണയോടെയാണെന്ന യാഥാർത്ഥ്യം സൗകര്യപൂർവ്വം മറക്കുകയാണ്. ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും ഭരണഘടനാ മൂല്യങ്ങൾക്ക് വെല്ലുവിളി ഉയർത്തുകയും ചെയ്യുന്ന ശക്തികളുമായി രാഷ്ട്രീയ സഹവർത്തിത്വം പുലർത്തുന്നവർക്ക് മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കാൻ എന്ത് ധാർമ്മിക അവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

രാജ്യസ്നേഹവും സാമൂഹിക സേവനവും ദേശീയ ഐക്യവും ഉയർത്തിപ്പിടിക്കുന്ന ആർഎസ്എസ് പോലുള്ള ദേശീയ പ്രസ്ഥാനത്തെ ആക്രമിക്കുന്ന മുഖ്യമന്ത്രി, മറുവശത്ത് മതത്തിന്റെ പേരിൽ രാഷ്ട്രീയം പറയുന്നവരുമായി അധികാരം പങ്കിടുകയാണ്. "മതം, മതം, മതം തന്നെയാണ് ഞങ്ങൾക്ക് പ്രധാനം" എന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന മന്ത്രിമാർ ഉൾപ്പെട്ട മന്ത്രിസഭയുടെ നേതാവാണ് ഇന്ന് മതനിരപേക്ഷതയുടെ വക്താവായി മാറാൻ ശ്രമിക്കുന്നത് എന്നത് കേരളം കാണുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കേരളത്തിലെ സർവകലാശാലകൾ രാഷ്ട്രീയ നിയന്ത്രണത്തിൽ നിന്ന് മാറി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളാണ്. വിവിധ ആശയധാരകളുമായി സംവദിക്കാനും ദേശീയ വിഷയങ്ങളിൽ ചർച്ചകളിൽ പങ്കെടുക്കാനും അക്കാദമിക് സമൂഹത്തിന് അവകാശമുണ്ട്. എന്നാൽ ഒരു ദേശീയ പ്രസ്ഥാനവുമായി വേദി പങ്കിട്ടു എന്ന കാരണത്താൽ വൈസ് ചാൻസലർമാരെ വിചാരണ ചെയ്യാൻ ശ്രമിക്കുന്നത് ജനാധിപത്യ ബോധമല്ല, രാഷ്ട്രീയ അസഹിഷ്ണുത മാത്രമാണ്.

ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണം ഉൾപ്പെടെ സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിരവധി ഗുരുതര വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ആർഎസ്എസിനെയും വൈസ് ചാൻസലർമാരെയും ചുറ്റിപ്പറ്റി അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെ വീഴ്ചകളും ജനങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങളും മറച്ചുവയ്ക്കാനുള്ള രാഷ്ട്രീയ നാടകമായാണ് ഇതിനെ കേരളം കാണുന്നത്.

കോൺഗ്രസും സിപിഎമ്മും പ്രീണന രാഷ്ട്രീയം എന്ന ഘട്ടം പിന്നിട്ട് കേരളത്തിൽ തീവ്രവാദ ആശയധാരകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന അപകടകരമായ നിലപാടിലേക്കാണ് നീങ്ങുന്നത്. ഭരണഘടനയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികളുമായി കൈകോർക്കുകയും അതേസമയം രാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങളെയും നേതാക്കളെയും ആക്രമിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ഇരുകൂട്ടരും പിന്തുടരുന്നത്.

വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും രണ്ടല്ല, ഒന്നാണെന്ന് കേരള ജനത തിരിച്ചറിഞ്ഞുകഴിഞ്ഞു. 'രണ്ടല്ല, ഒന്നാണ്' എന്ന യാഥാർത്ഥ്യം സമീപകാല തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചതാണ്.

മുഖ്യമന്ത്രി യാഥാർത്ഥ്യങ്ങൾ നിഷേധിക്കാൻ ശ്രമിച്ചാലും മലയാളികൾ ഇന്ന് തങ്ങളുടെ ദേശീയബോധം തുറന്നു പ്രകടിപ്പിക്കാൻ മടിക്കുന്നില്ല. രാജ്യത്തെ ആദ്യം കാണുന്ന നേതൃത്വത്തിനും ദേശീയ താൽപര്യങ്ങൾക്കും ഒപ്പമാണ് കേരളത്തിലെ പുതുതലമുറ നിലകൊള്ളുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചിന്തയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റം തുടക്കമാണെന്നും വരും ദിവസങ്ങളിൽ അത് കൂടുതൽ ശക്തമായി പ്രതിഫലിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രൈവറ്റ് ബസ്സിന് മുൻപിൽ സ്കൂട്ടർ വട്ടം വച്ചു, ചോദ്യം ചെയ്ത ബസ് ഡ്രൈവറെ സ്കൂട്ടറിന്‍റെ താക്കോൽ ഉപയോഗിച്ച് മുഖത്ത് കുത്തി പരിക്കേല്പിച്ചു
നോട്ടുപുസ്തകത്തില്‍ ഇടപാട് നടത്തിയതിന്‍റെ കണക്കുകള്‍, ജുവൈനല്‍ ഹോമില്‍ നിന്നും കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക്; എംഡിഎംഎയുമായി കാപ്പ കേസ് പ്രതി പിടിയിൽ