ബിജെപി പുനസംഘടന: സന്ദീപ് വാര്യര്‍ പാര്‍ട്ടി വക്താവ്, ജെആര്‍ പത്മകുമാര്‍ ട്രഷറര്‍

By Web TeamFirst Published Mar 5, 2020, 4:50 PM IST
Highlights


സന്ദീപ് വാര്യരെ കൂടാതെ എംഎസ് കുമാര്‍, ബി.ഗോപാലകൃഷ്ണന്‍ എന്നിവരേയും ബിജെപി വക്താക്കളായി നിയമിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിന് പിന്നാലെ പ്രഖ്യാപിച്ച പുനസംഘടനയില്‍ ബിജെപിയിലേയും അനുബന്ധസംഘടനകളിലേയും നേതാക്കളെ പരസ്പരം വച്ചു മാറ്റിയിട്ടുണ്ട്. മുതിര്‍ന്ന നേതാവ് കെ.രാമന്‍പിള്ള ബിജെപി ദേശീയകൗണ്‍സിലില്‍ തിരിച്ചെത്തിയത് ശ്രദ്ധേയമായി.  പുനസംഘടനയില്‍ ബിജെപി യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന സന്ദീപ് വാര്യരെ ബിജെപി വക്താവായി പുനര്‍നിയമിച്ചിട്ടുണ്ട്. നിലവില്‍ പാര്‍ട്ടി വക്താവായിരുന്ന ജെആര്‍ പത്മകുമാറിനെ ട്രഷററായി മാറ്റി നിയമിച്ചു. പാര്‍ട്ടി ഭാരവാഹികളില്‍ മൂന്നിലൊന്നും സ്ത്രീകളാണെന്നാണ് പ്രഖ്യാപനം നടത്തി കൊണ്ട് കെ.സുരേന്ദ്രന്‍ അറിയിച്ചത്.  കെ.സുരേന്ദ്രന്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മുരളീധരപക്ഷം പാര്‍ട്ടിയില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതിന് തെളിവ് കൂടിയാണ് പുനസംഘടന. 

സന്ദീപ് വാര്യരെ കൂടാതെ എംഎസ് കുമാര്‍, ബി.ഗോപാലകൃഷ്ണന്‍ എന്നിവരേയും ബിജെപി വക്താക്കളായി നിയമിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ ശോഭാ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍ വൈസ് പ്രസിഡന്‍റുമാരായി നിയമിക്കപ്പെട്ടു. എംടി രമേശ് ജനറല്‍ സെക്രട്ഠറി സ്ഥാനത്ത് തുടരും. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ എപി അബ്‍ദുള്ളക്കുട്ടി, ജി രാമന്‍ നായര്‍ എന്നിവര്‍ വൈസ് പ്രസിഡന്‍റുമാരായി തുടരും. കെഎസ് രാധാകൃഷ്‍ണന്‍, സദാനന്ദന്‍ മാസ്റ്റര്‍, ജെ.പ്രമീളാദേവി, എം.എസ്.സമ്പൂര്‍ണ്ണ,വിടി രമ, വിവി രാജന്‍ എന്നിവരാണ് മറ്റു പ്രസിഡന്‍റുമാര്‍.  

എംടി രമേശിനെ കൂടാതെ ജോര്‍ജ് കുര്യന്‍, പാലക്കാട്ടെ പ്രമുഖ നേതാവ് സി.കൃഷ്‍ണകുമാര്‍, പി.സുധീര്‍ എന്നിവരേയും ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചിട്ടുണ്ട്. ബിജെപി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടതോടെ ജോര്‍ജ് കുര്യന്‍ നിലവില്‍ വഹിക്കുന്ന ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗത്വം രാജിവയ്ക്കും. ഇടഞ്ഞു നിന്ന കൃഷ്‍ണദാസ് പക്ഷനേതാക്കളായ എംടി രമേശ്, എഎന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ പുനസംഘടനയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

 

click me!