
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി പത്തനംതിട്ടയിലെത്തിയ ദിവസം ബി.ജെ.പി ഭരിക്കുന്ന കുളനട പഞ്ചായത്തിൽ ജനറൽ കമ്മിറ്റി കൂടിയത് പാർട്ടിക്കുള്ളിൽ വിവാദമാകുന്നു. കമ്മറ്റി നടത്തരുതെന്ന പാർട്ടി നേതൃത്വത്തിന്‍റെ നിർദ്ദേശം തള്ളിയാണ് യോഗം ചേർന്നത്. സംഭവത്തിൽ കടുത്ത അതൃപ്തിയിലാണ് പാർട്ടിയുടെ സംസ്ഥാന നേതൃത്വവും.
പ്രധാനമന്ത്രി പങ്കെടുത്ത പൊതുയോഗ ദിവസം തന്നെ പാർട്ടി ഭരിക്കുന്ന പഞ്ചായത്തിൽ കമ്മിറ്റി. അതും മാറ്റിവെയ്ക്കണമെന്ന നേതൃത്വത്തിന്‍റെ നിർദേശവും അവഗണിച്ച്. സംഭവത്തിൽ ജില്ലാ നേതൃത്വം മുതൽ ബിജെപി സംസ്ഥാന നേതൃത്വം വരെ കടുത്ത അതൃപ്തിയിലാണ്. എന്നാൽ മുൻകൂട്ടി തീരുമാനിച്ച കമ്മറ്റിയാണെന്നും പ്രധാനമന്ത്രിയുടെ പരിപാടിയുടെ തീയതി മാറ്റിയതാണ് പ്രശ്നമായതെന്നുമാണ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിശദീകരിച്ചു.
14ന് വൈകിട്ടാണ് കമ്മറ്റിയുടെ നോട്ടീസ് പ്രിൻറ് ചെയ്തത്. മൂന്നുദിവസം മുൻപ് നോട്ടീസ് നൽകണമെന്ന ചട്ടം പാലിക്കാതെയാണ് കമ്മറ്റി കൂടിയതെന്ന് യോഗത്തിൽ പങ്കെടുക്കാതിരുന്ന ബിജെപി അംഗങ്ങൾ തന്നെ പറയുന്നു. പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ജില്ലയിലെ പാർട്ടിയിൽ രൂക്ഷമായിരിക്കുന്ന വിഭാഗീയതയാണ് കുളനടയിൽ പ്രകടമായതെന്നാണ് സൂചന.