
പത്തനംതിട്ട: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു. മൂന്ന് വിമത ബിജെപി അംഗങ്ങളെ കൂട്ടുപിടിച്ച് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം നാളെ പരിഗണിക്കാനിരിക്കെയാണ് രാജി. ചെയർപേഴ്‌സൺ സുശീല സന്തോഷും ഉപാധ്യക്ഷ യു രമ്യയുമാണ് രാജിവെച്ചത്. എൽഡിഎഫിൻ്റെ അവിശ്വാസത്തിന് യുഡിഎഫിൻ്റെയും പിന്തുണയുണ്ടായിരുന്നു. പാലക്കാടിന് പിന്നാലെ ബിജെപി ഭരണം പിടിച്ച മുനിസിപ്പാലിറ്റിയായിരുന്നു പന്തളം. രാജി വെച്ചതിന് പിന്നാലെ പന്തളത്ത് എൽഡിഎഫ് പടക്കം പൊടിച്ച് ആഘോഷിച്ചു. രാജി ജനാധിപത്യത്തിൻ്റെ വിജയമെന്ന് യുഡിഎഫ് അംഗങ്ങളും പ്രതികരിച്ചു.
വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് രാജിയെന്ന് സുശീല സന്തോഷ് പ്രതികരിച്ചു. 2020 ലെ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ബിജെപിക്കുണ്ടായിരുന്നു.പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് പന്തളത്ത് പരസ്യമായ നിലപാടെടുത്ത് മൂന്ന് ബിജെപി അംഗങ്ങൾ കലാപക്കൊടി ഉയർത്തിയിരുന്നു. എന്നാൽ പ്രശ്നം പരിഹരിക്കാൻ ബിജെപിക്ക് സാധിച്ചില്ല. വ്യക്തിപരായ കാരണം കൊണ്ടാണ് സുശീലയും രമ്യയും രാജിവെച്ചതൊന്നും നഗരസഭ ബിജെപി തന്നെ ഭരിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് വി എ സൂരജ് പ്രതികരിച്ചു. പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇരുവരും രാജി സന്നദ്ധത അറിയിച്ച് പാർട്ടി അംഗീകരിക്കുകയായിരുന്നുവെന്നും ഭരണത്തിൽ തിരിച്ചെത്തുമെന്നും സൂരജ് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam