മുസ്ലീം ലീഗ് - എസ്‍ഡിപിഐ ചർച്ച രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരമെന്ന് ബിജെപി

By Web TeamFirst Published Mar 15, 2019, 4:12 PM IST
Highlights

കോൺഗ്രസ് അറിയാതെയാണ് ചർച്ച നടത്തിയതെങ്കിൽ മുസ്ലീം ലീഗിനെ യുഡിഎഫിൽ നിന്ന് പുറത്താക്കണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ ശിവരാജൻ

തിരൂര്‍: മുസ്ലീം ലീഗ് - എസ്‍ഡിപിഐ ചർച്ച രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരമെന്ന ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ ശിവരാജൻ. കോൺഗ്രസ് അറിയാതെയാണ് ചർച്ച നടത്തിയതെങ്കിൽ മുസ്ലീം ലീഗിനെ യുഡിഎഫിൽ നിന്ന് പുറത്താക്കണമെന്നും ശിവരാജൻ ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിക്ക് എസ്‍ഡിപിഐയുടെ പിന്തുണ കർണ്ണാടകയിലും ആവശ്യമുണ്ടെന്നും ശിവരാജന്‍ ആരോപിച്ചു. സ്വീകാര്യതയുള്ള പാർട്ടിയാണെങ്കിൽ എസ്‍ഡിപിഐയുമായി രഹസ്യ ചർച്ചക്ക് പോകാതെ യുഡിഎഫ് മുന്നണിയിൽ ചേർക്കണമെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു. 

എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് നസറുദ്ദീൻ എളമരം എന്നിവരുമായി ബുധനാഴ്ച രാത്രിയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും കൂടിക്കാഴ്ച നടത്തിയത്. പൊന്നാനിയില്‍ ഇ ടിക്ക് പിന്തുണ തേടിയായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ മാനം കല്‍പ്പിക്കേണ്ടെന്നാണ് ഇ.ടി. മുഹമ്മദ് ബഷീറിന്‍റേയും കുഞ്ഞാലിക്കുട്ടിയുടെയും മറുപടി.

അതേസമയം മണ്ഡലത്തില്‍ ഇത് പ്രധാന പ്രചാരണ ആയുധമാക്കുകയാണ് എല്‍ഡിഎഫ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കൂടുതല്‍ വിവാദങ്ങളിലേക്ക് പോകാതെ പ്രശ്നം അവസാനിപ്പിക്കാനാണ് ലീഗിന്‍റെ ശ്രമം. എന്നാല്‍ കൂടിക്കാഴ്ചയില്‍ പൊന്നാനി ചര്‍ച്ചയായെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എസ്‍ഡിപിഐ.
 

click me!