
കോഴിക്കോട്: ബിജെപി പ്രമുഖ വനിതാ നേതാവ് ശോഭ സുരേന്ദ്രനെ കോഴിക്കോട് പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി ബിജെപിയിൽ തർക്കം. നേതൃത്വത്തെ പരസ്യമായി വിമർശിക്കുന്ന ശോഭയെ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് വി. മുരളീധരപക്ഷമാണ് രംഗത്തെത്തിയത്. മത്സ്യത്തൊഴിലാളികളുടെ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യാനാണ് ശോഭ സുരേന്ദ്രനെ നിശ്ചയിച്ചിരുന്നത്. സംഭവത്തിൽ പ്രതികരിച്ച് ശോഭ സുരേന്ദ്രനും രംഗത്തെത്തി.
കേരളത്തിലെ ജനങ്ങളുടെ വിഷയങ്ങൾ ഏറ്റെടുത്ത് മുന്നിട്ടിറങ്ങുമെന്ന് ശോഭ പറഞ്ഞു. ബിജെപിയുടെ കൊടിക്കീഴിൽ പ്രവർത്തിക്കണമെന്നാണ് ആഗ്രഹം. ഉന്നയിക്കുന്ന വിഷയങ്ങൾ അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ്. വിഭാഗീയത ഇപ്പോഴും ഉണ്ടെങ്കിൽ നിയന്ത്രിക്കേണ്ടത് നേതൃത്വമാണ്. കോഴിക്കോട്ട് പരിപാടിയിൽ തനിക്ക് വിലക്കുണ്ടോ എന്ന കാര്യം അറിയില്ല. അത്തരം നിലപാട് ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കിൽ നേതൃത്വം പരിശോധിക്കണം. മാനസിക സമ്മർദ്ദം കൊണ്ടാണ് കുറച്ചു കാലം പരിപാടികളിൽ നിന്ന് വിട്ടുതന്നതെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.
Read More.. മണിപ്പൂരിൽ ഇടപെടുന്നതിൽ വനിതാ കമ്മിഷൻ വൈകിയിട്ടില്ല; പൊലീസ് സമ്പൂർണ്ണ പരാജയമെന്ന് ഖുഷ്ബു
ശോഭ സുരേന്ദ്രൻ പികെ കൃഷ്ണദാസുമായി കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ശോഭ സുരേന്ദ്രൻ രംഗത്തെത്തി. തൃശൂരിൽ ശോഭ സിറ്റിക്ക് വേണ്ടി പാടം നികത്താൻ ഒത്താശ ചെയ്തത് പിണറായി വിജയനാണെന്നും ഇതിനുള്ള പ്രത്യുപകാരമാണ് SRIT എന്ന കമ്പനി നടത്തിപ്പ് വീണ വിജയന് കൈമാറിയതെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
സംസ്ഥാന ബിജെപി ഘടകത്തിൽ പ്രസിഡന്റ് കെ സുരേന്ദ്രനും വനിതാ നേതാവ് ശോഭാ സുരേന്ദ്രനും തമ്മിലുള്ള തർക്കം പൊതുമധ്യത്തിലെത്തിയിരുന്നു. ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പങ്കെടുത്ത യോഗത്തിൽ ഉൾപ്പെടുത്താത്തതാണ് ഒടുവിൽ ശോഭാ സുരേന്ദ്രനെ ചൊടിപ്പിച്ചത്. അതിനിടെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് വി മുരളീധരൻ മത്സരിക്കുമെന്ന വാർത്തയും പുറത്തുവന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശോഭ മത്സരിച്ച മണ്ഡലമാണ് ആറ്റിങ്ങൽ. സുരേന്ദ്രൻ-ശോഭ സുരേന്ദ്രൻ പോര് നേരത്തെയും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.