
കോഴിക്കോട്: സോണ്ട കമ്പനിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതുകൊണ്ടാണ് ബ്രഹ്മപുരം പ്ലാന്റിന് തനിയെ തീപ്പിടിച്ചതാണെന്ന ഫോറൻസിക് റിപ്പോർട്ട് വന്നത്. മുഖ്യമന്ത്രി നിയമസഭയിലും സോണ്ടയ്ക്ക് ക്ലീൻചിറ്റ് നൽകിയിരുന്നു. സോണ്ട കമ്പനിയിൽ നിക്ഷേപം നടത്തിയ ജർമ്മൻ പൗരനെ വഞ്ചിച്ച സംഭവം ഗൗരവതരമാണെന്നും കെസുരേന്ദ്രന്‍ പറഞ്ഞു.
കമ്പനിയുടെ അന്താരാഷ്ട്ര ഇടപാടുകൾ പരിശോധിക്കണം. മുൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വന്റെ മരുമകൻ ഡയറക്ടറായ കമ്പനിയും മുഖ്യമന്ത്രിയുമായ വഴിവിട്ട ബന്ധമാണ് കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ അവർക്ക് മാലിന്യ നിർമ്മാർജ്ജന കരാർ ലഭിക്കാൻ കാരണം. കേരള സർക്കാരിലെ സ്വാധീനം ഉപയോഗിച്ചാണ് സോണ്ട നിക്ഷേപകരെ ചതിക്കുന്നതെന്ന് വ്യക്തമാണ്. സംസ്ഥാന സർക്കാരിന്റെ ഇത്തരം സമീപനം രാജ്യത്തിന് തന്നെ നാണക്കേടായിരിക്കുകയാണ്. കൊച്ചിയും കോഴിക്കോടും ഉൾപ്പെടെയുള്ള കോർപ്പറേഷനുകൾ കമ്പനിയുമായി കരാർ തുടരുന്നത് വിദേശത്ത് നടന്ന ഈ ഡീലിന്റെ അടിസ്ഥാനത്തിലാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം അഴിമതിക്കെതിരേ പോരാടാനുള്ള കേരളത്തിന്‍റെ വജ്ജ്രായുധമായ ലോകായുക്ത, നീതിനിര്‍വഹണത്തില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടെന്ന് പൊതുസമൂഹം വിലയിരുത്തിയ പശ്ചാത്തലത്തില്‍ ലോകായുക്ത അടിയന്തരമായി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു. അഴിമതിക്ക് നേതൃത്വം നല്കിയ മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കാന്‍ അസംബന്ധങ്ങള്‍ കുത്തിനിറച്ച ഇതുപോലൊരു വിചിത്രമായ വിധി കേരളത്തിന്‍റെ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് കെ സുധാകരന്‍ പറഞ്ഞു.
സുപ്രീംകോടതിയും ഹൈക്കോടതിയുലമൊക്കെ സുദീര്‍ഘകാലം പ്രവര്‍ത്തിച്ച് പരിചയസമ്പത്ത് നേടിയ പ്രഗത്ഭരായ ലോകായുക്ത അംഗങ്ങള്‍ ഇത്തരമൊരു അബദ്ധജടിലമായ വിധി പ്രസ്താവിച്ചതിന്‍റെ ചേതോവികാരമാണ് ഇപ്പോള്‍ നാലുപേര്‍ കൂടുന്നിടത്തൊക്കെ ചര്‍ച്ച ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ തിട്ടൂരത്തിനു മുന്നില്‍ മുട്ടുമടക്കിയതാണോ, അതോ ഇതിന്‍റെ പിന്നില്‍ ഡീല്‍ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങള്‍ തലനാരിഴകീറി പരിശോധിക്കുന്നു. നീതിന്യായവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ദിനംപ്രതി ഇടിഞ്ഞുവീഴുന്ന സാഹചര്യത്തിലാണ് രാജി ആവശ്യപ്പെടുന്നതെന്ന് സുധാകരന്‍ വ്യക്തമാക്കി.
Read More : ആകാശത്ത് വെച്ച് എയർ ബലൂണിന് തീപിടിച്ചു, പേടിച്ച് താഴേക്ക് ചാടിയ രണ്ട് പേർ മരിച്ചു, കുട്ടിക്ക് പൊള്ളൽ