
കൽപ്പറ്റ: കൊടകര കുഴൽപ്പണ കേസിൽ തന്റെ കൈകൾ ശുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു ചെറിയ കറപോലും ഇല്ല. തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ഏത് അന്വേഷണവും നേരിടാൻ ആത്മവിശ്വാസം ഉണ്ട്. ബിജെപിയുടെ മുന്നേറ്റത്തിലുള്ള അമ്പരപ്പ് ആണ് ആരോപണങ്ങൾക്കെല്ലാം പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു.
തിരൂർ സതീശിന് സിപിഎം സാമ്പത്തിക സഹായം ചെയ്തു. എംകെ കണ്ണന്റെ ബാങ്കിൽ വീട് ജപ്തിയായി. അത് ഒഴിവാക്കി കൊടുക്കാനാണ് ആരോപണം ഉന്നയിപ്പിച്ചത്. പിന്നിൽ വിഡി സതീശനും ഉണ്ട്. ധർമരാജൻ ഷാഫിക്ക് പണം നൽകിയെന്നും പറഞ്ഞ് കോൺഗ്രസുകാർ വിളിക്കുന്നുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. മട്ടന്നൂർ അശ്വിനി കുമാർ കൊലക്കേസിൽ പ്രധാന പ്രതികളെ വെറുതെ വിട്ടത് സർക്കാർ പോപ്പുലർ ഫ്രണ്ടുമായി ഒത്തുകളിച്ചതിന്റെ ഭാഗമാണ്. പ്രോസിക്യൂഷൻ പ്രതികളെ സഹായിച്ചു. കുറ്റകരമായ അനാസ്ഥ പൊലീസും പ്രോസിക്യൂഷനും കാണിച്ചു. കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്. പിണറായിക്കും വിഡി സതീശനും വലിയ തിരിച്ചടി ഉണ്ടാകും. വോട്ടെണ്ണി കഴിഞ്ഞാൽ മുന്നണി ഘടന തന്നെ മാറും. അതിന്റെ വെപ്രാളമാണ് ഇപ്പോൾ കാണുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
മുനമ്പം പ്രശ്നം പരിഹരിക്കാൻ വഖഫ് ബോർഡ് കടുംപിടുത്തത്തിൽ നിന്ന് പിന്മാറണം. മുതലക്കണ്ണീർ ഒഴുക്കുന്നവർ വഖഫ് ബോർഡ് നിയമ ഭേദഗതിയെ എതിർത്തത് എന്തിനാണ്. വഖഫ് ബോർഡ് പരിഷ്കാരത്തെ യുഡിഎഫും എൽഡിഎഫും പിന്തുണയ്ക്കണം. നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam