നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ എൽഡിഎഫിൽ അതൃപ്തി പരസ്യമാക്കി ആർജെഡി. കോടിയേരി ബാലകൃഷ്ണൻ നൽകിയ വാക്ക് പാലിക്കണമെന്നും ആവശ്യപ്പെട്ട 6 സീറ്റിൽ നിന്ന് പിന്നോട്ടില്ലെന്നും പാർട്ടി വ്യക്തമാക്കി. ഉഭയകക്ഷി ചർച്ച തൃപ്തികരമല്ലെന്നും സിപിഎം നീതി പുലർത്തണമെന്നും ആർജെഡി ആവശ്യപ്പെട്ടു
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ അതൃപ്തി തുടരുന്നതിനിടെ എൽ ഡി എഫിൽ നിലപാട് കടുപ്പിച്ച് ആര്‍ ജെ ഡി. ഇത്തവണ അധിക സീറ്റ് വേണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ആർ ജെ ഡി. എൽ ഡി എഫിലെ സീറ്റ് വിഭജനത്തിലെ അതൃപ്ചി പരസ്യമാക്കി ആർ ജെ ഡി നേതൃത്വം രംഗത്തെത്തി. കോഴിക്കോട് ചേർന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ആർ ജെ ഡി നേതാക്കൾ, പാർട്ടിക്ക് ഇത്തവണ 6 സീറ്റ് വേണമെന്നാണ് നിലപാടെന്നും ഇതിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. ഇത്തവണ അധിക സീറ്റ് നൽകുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകിയിരുന്നുവെന്ന് നേതാക്കൾ വിവരിച്ചു. എന്നാൽ സി പി എം നീതി പുലർത്തുന്നില്ല. എൽ ഡി എഫ് നേതൃത്വം ഇക്കാര്യത്തിൽ നീതി പുലർത്തണം എന്നും ആർ ജെ ഡി ആവശ്യപ്പെട്ടു.
എൽ ഡി എഫിന്‍റെ അന്തസിന് ചേരാത്ത പ്രവർത്തി
സി പി എമ്മുമായി നടന്ന ഉഭയകക്ഷി ചർച്ചയിലടക്കം 6 സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ തവണ മത്സരിച്ചതിൽ കൂടുതൽ സീറ്റ് ഇക്കുറിയും ഇല്ലെന്നാണ് സി പി എം പറഞ്ഞത്. ഉഭയകക്ഷി ചർച്ച തൃപ്തികരമല്ല. സി പി എം വീണ്ടും ചർച്ച നടത്തണം എന്നും ആർ ജെ ഡി നേതൃത്വം ആവശ്യപ്പെട്ടു. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ആർ ജെ ഡിക്ക് സീറ്റ് വേണം. ഇക്കുറി 3 സീറ്റ് അധികം വേണമെന്നും ആർ ജെ ഡി നേതാക്കൾ ആവശ്യപ്പെട്ടു. കോഴിക്കോട് ഒരു സീറ്റ് കൂടുതൽ വേണം. അധിക സീറ്റിൽ വിട്ട് വീഴ്ച്ചക്ക് ആർ ജെ ഡി ഇല്ല. സോഷ്യലിസ്റ്റ് പാർട്ടികളെ എൽ ഡി എഫ് ക്ഷീണിപ്പിക്കരുത്. ഘടകകക്ഷികളെ സി പി എം ദുർബലമാക്കരുതെന്നും ആർ ജെ ഡി നേതാക്കൾ കൂട്ടിച്ചേർത്തു. കോവളം സീറ്റിൽ ജനതാദളിന് മികച്ച സ്ഥാനാർഥി ഇല്ല. സ്ഥാനാർഥി പോലും ഇല്ലാഞ്ഞിട്ടും ജനതാദളിന് എൽ ഡി എഫ് സീറ്റ് നൽകി. ഇപ്പോൾ സ്ഥാനാർഥിയെ ചാക്കിട്ട് പിടിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. എൽ ഡി എഫിന്‍റെ അന്തസിന് ചേരാത്ത പ്രവർത്തി ആണ് നടക്കുന്നതെന്നും ആർ ജെ ഡി നേതാക്കൾ അഭിപ്രായപ്പെട്ടു.


